
പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുത്തു
ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ പാണാവള്ളി നെടിയതുരുത്തിലെ കാപിക്കോ റിസോർട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ പൊളിച്ചു മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. റിസോർട്ട് അധികൃതർ കൈയേറിയ പുറമ്പോക്ക് ഭൂമി സർക്കാർ ഇന്നലെ ഏറ്റെടുത്തു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സ്ഥലത്തെത്തി 'സർക്കാർ വക ഭൂമി' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു.
റിസോർട്ട് പൊളിച്ചു മാറ്റാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിന്റെ ബാക്കിയുള്ള രണ്ടു ഹെക്ടറിൽ അധികം സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ റിസോർട്ട് അധികൃതർ രണ്ടു ദിവസത്തിനുള്ളിൽ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കും. ഈ പ്ലാൻ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച് അംഗീകരിച്ച ശേഷമായിരിക്കും പൊളിക്കൽ നടപടികൾ ആരംഭിക്കുക. പൊളിക്കുന്നതിന് മുമ്പ് റിസോർട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വീഡിയോ മഹസർ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ.സി.ഏബ്രാഹം, സർവേ ഡെപ്യൂട്ടി ഡയറക്ടർ സോമനാഥ്, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി വില്ലേജ് ഓഫീസർ കെ. ബിന്ദു തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
'ഒരാഴ്ചക്കുള്ളിൽ പൊളിക്കാൻ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പൊളിക്കുന്ന അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആറു മാസത്തിനുള്ളിൽ നീക്കം ചെയ്യും'.
വി.ആർ.കൃഷ്‌ണതേജ,ജില്ലാ കളക്‌ടർ