bdn
വീയപുരം രണ്ടാം വാർഡിലെ മുസ്ലീംപള്ളി- കണത്താരിൽ റോഡ്

ഹരിപ്പാട്: വീയപുരം രണ്ടാം വാർഡിലെ മുസ്ലീം പള്ളി- കണത്താരിൽ റോഡ് തകർന്നു നാലു വർഷം പിന്നിട്ടിട്ടും പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസിന്റെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തുന്നു.

പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മുൻ മെമ്പർ ജോൺ തോമസ് റോഡിനു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ച് കുറച്ചു ഭാഗങ്ങളിൽ ഗ്രാവലും മറ്റൊരു ഭാഗത്ത് മെറ്റലും ഉപയോഗിച്ച് റോഡുപണി നടത്തിയെങ്കിലും പിന്നീട് കരാറുകാരൻ ഒഴിഞ്ഞു മാറി. പലതവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് പണി മുടങ്ങാൻ കാരണമെന്നും ആരോപണമുണ്ട്.

14ന് രാവിലെ 10 മുതൽ 5 വരെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കലാണ് നിരാഹാര സമരം. രണ്ടാം വാർഡ് വികസന സമിതി രക്ഷാധികാരി എ.എം. നിസാർ, പ്രസിഡന്റ് കെ.എസ്. ശ്രീകുമാർ, സെക്രട്ടറി കെ.ജി.എബ്രഹാം, ട്രഷറർ ലിജു വർഗീസ് എന്നിവരും നിരാഹാര സമരത്തിൽ പങ്കെടുക്കും.