ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും തോടുകൾ കാണാനില്ല!

ഹരിപ്പാട്: തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും വെള്ളക്കെട്ട് ഗുരുതരമായിട്ടും പൊതു തോടുകളും ജലാശയങ്ങളും നികത്തുന്നത് തടയാൻ നടപടിയില്ല. സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ നിമിത്തം പൊറുതിമുട്ടുകയാണ് നാട്.

തോടുകളിൽ ഭൂരിഭാഗവും പേരിനുപോലും അവശേഷിക്കുന്നില്ല. നീരൊഴുക്ക് സുഗമമാക്കാനും ഗതാഗതത്തിനുമായി ദീർഘവീക്ഷണത്തോടെ, ശാസ്ത്രീയമായി പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ചവയായിരുന്നു ഈ തോടുകൾ. എത്ര വലിയ വലിയ മഴ പെയ്താലും കടൽ വെള്ളം ഇരച്ച് കയറിയാലും പണ്ട് ഈ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കൊണ്ട് തോടുകളിലൂടെ ഒഴുകി കായലുകളിൽ എത്തുമായിരുന്നു. വേലിയേറ്റത്തെ ചെറുക്കാൻ മാത്രം ലക്ഷ്യമിട്ട് ഇവിടെ തോടുകൾ ഉണ്ടായിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. തോടുകൾ കൈയേറിത്തുടങ്ങിയതോടെ ഇവ നീർച്ചാലുകൾ പോലെ ശോഷിച്ചു. ചിലയിടങ്ങളിൽ ഒഴുക്കു നിലച്ച അവസ്ഥ. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ വീടിനടുത്തെ തോട് കയ്യേറുന്നത് ചിലരുടെ ശീലമായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

തോടുകളിൽ ശേഷിക്കുന്ന ഭാഗങ്ങളാവട്ടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായതും നാടിന് തലവേദനയായി. കൊതുകും പകർച്ച വ്യാധികളും പെരുകി. കയ്യേറ്റത്തിന് ശേഷവും അവശേഷിക്കുന്ന നീർച്ചാലുകളാണ് വെള്ളക്കെട്ടിന്റെ ദുരിതത്തിൽ നിന്നു കുറെയെങ്കിലും ആശ്വാസം നൽകുന്നത്.

# ഓടയാണ് താത്പര്യം!

ശേഷിക്കുന്ന പൊതുതോടുകൾ സംരക്ഷിക്കാനോ ജലമൊഴുക്ക് സുഗമമാക്കാനോ ദീർഘവീക്ഷണത്തോടു കൂടിയ ഒരു പദ്ധതിക്കും പഞ്ചായത്ത് അധികൃതർ രൂപം നൽകിയിട്ടില്ല. ഗ്രാമസഭകളിലൊക്കെ വെള്ളക്കെട്ട് പ്രധാന പ്രശ്നമായി മാറിയിട്ടും അധികൃതർ ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് പരാതി. തോട് കയ്യേറുമ്പോൾ മൗനം പാലിക്കുന്ന പഞ്ചായത്ത് അധികൃതർ പിന്നീട് അതേ സ്ഥാനത്ത് ഓട നിർമിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

# മഴയ്ക്കൊപ്പം തിരയും

മഴക്കെടുതിക്കൊപ്പം കടലാക്രമണവും പ്രദേശത്ത് വെള്ളക്കെട്ടുണ്ടാക്കുന്നുണ്ട്. തീരദേശ റോഡ് കവിഞ്ഞെത്തുന്ന കടൽവെള്ളം പുരയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു. കടലാക്രമണം രൂക്ഷമാവുമ്പോൾ തീരത്തുനിന്നു ഏറെ കിഴക്കുള്ളവർ വരെ ദുരിതത്തിലാവും. തോടുകൾ കയ്യേറി പുരയിടമാക്കി വീടുവച്ചവരും വെള്ളക്കെട്ടിൽ വലയുകയാണ്.

ജലമൊഴുക്ക് സുഗമമാക്കിയിരുന്ന തോടുകൾ നികത്തിത്തുടങ്ങിയപ്പോൾ പഞ്ചായത്ത് അധികൃതർ മൗനം പാലിച്ചതാണ് ഇപ്പോഴത്തെ ദുരിതങ്ങൾക്ക് കാരണം. മാറിമാറിവന്ന പഞ്ചായത്ത് അധികൃതരാണ് ഇക്കാര്യത്തിലെ പ്രധാന പ്രതികൾ

നാട്ടുകാർ