ആലപ്പുഴ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 17 ന് ജില്ലയുടെ തെക്കേ അതിർത്തിയായ കൃഷ്ണപുരത്ത് പ്രവേശിക്കും. രാവിലെ എട്ടു മണിക്ക് പദയാത്രയെ കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരിക്കും. 20 ന് വൈകുന്നേരം ഏഴു മണിക്ക് അരൂർ പള്ളിക്ക് സമീപം ജില്ലയിലെ പര്യടന പരിപാടി അവസാനിക്കും.
യാത്ര വൻവിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പുരോഗിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദും, ജില്ലാ കോ ഓർഡിനേറ്റർ അഡ്വ. കോശി.എം.കോശിയും അറിയിച്ചു.
കൃഷ്‌ണപുരത്തു നിന്ന് ആരംഭിക്കുന്ന പദയാത്ര രാവിലെ പത്തിന് കായംകുളം ജി.ഡി.എം മൈതാനിയിൽ എത്തുമ്പോൾ പൊതുസമ്മേളനം ആംഭിക്കും. നാലു മണിക്ക് പുനരാരംഭിക്കുന്ന പദയാത്ര രാത്രി ഏഴിന് എൻ.ടി.പി.സി ജംഗ്‌ഷനിൽ സമാപിക്കും.18ന് രാവിലെ ഏഴിന് ഹരിപ്പാട് ഗാന്ധിപാർക്കിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന യാത്ര പത്തു മണിക്ക് പുറക്കാട് ഒറ്റപ്പന ജംഗ്‌ഷനിൽ സമാപിക്കും. ഉച്ചയ്‌ക്ക് രണ്ടു മണി മുതൽ രാഹുൽ ഗാന്ധി കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ വിവിധതലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യും. നാലു മണിക്ക് തുടരുന്ന പദയാത്ര ഏഴു മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ അവസാനിക്കും.
19 ന് രാവിലെ ഏഴു മണിക്ക് അറവുകാട് ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന യാത്ര നഗരം ചുറ്റി കാമലോട്ട് കൺവെൻഷൻ സെന്ററിൽ സമാപിക്കും . ചെട്ടികാട്, ചേന്നവേലി കടപ്പുറങ്ങൾ രാഹുൽ സന്ദർശിക്കും. നാലു മണിക്ക് തുടരുന്ന പദയാത്ര രാത്രി ഏഴിന് കണിച്ചുകുളങ്ങരയിൽ സമാപിക്കും. 20 ന് രാവിലെ ഏഴിന് ചേർത്തല എക്‌സറേ കവലയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കുത്തിയതോടും രാത്രിയിൽ അരൂരും സമാപിക്കും. പൊതുസമ്മേളനയിടങ്ങളിൽ സാംസ്കാരിക പരിപാടികളും ദേശീയ നേതാക്കളുടെ പ്രസംഗവും നടക്കും.