അമ്പലപ്പുഴ: ദേശീയപാതയിലെ കാക്കാഴം മേൽപ്പാലത്തിൽ ടാർ മിക്സിംഗ് യൂണിറ്റിന്റെ വീലൊടിഞ്ഞതോടെ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വീൽ ഇല്ലാത്ത യൂണിറ്റ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കിയതോടെയാണ് വഹനങ്ങൾക്ക് പാലം കടക്കാനായത്.
ഇന്നലെ വൈകിട്ട് 3.20 ഓടെയാണ് സംഭവം. അമ്പലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു ടാർ മിക്സിംഗ് യൂണിറ്റ്. അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഇത് പാലത്തിൽ നിന്നു നീക്കിയത്. ഈ സമയം പാലത്തിന് ഇരു ഭാഗത്തും കിലോമീറ്ററുകൾ ദൈർഘ്യത്തിൽ വാഹനങ്ങൾ നിറഞ്ഞു. ആംബുലൻസുകളും കുരുക്കിൽപ്പെട്ടു. പൊലീസ് ഇടപെട്ടാണ് ഇവയെ ഒരുവിധം കടത്തിവിട്ടത്.