ആലപ്പുഴ: ജില്ലയിൽ പത്താംതരം തുല്യത പരീക്ഷ എഴുതുന്നത് 312 സ്ത്രീകളുൾപ്പെടെ 522 പേർ. 11 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ 23ന് അവസാനിക്കും. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിളള മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 83 പേർ. 20 പേർ പരീക്ഷയ്‌ക്കെത്തുന്ന താമരക്കുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് പഠിതാക്കൾ ഏറ്റവും കുറവ്.

73 കാരിയായ ചലച്ചിത്ര നടി ലീനാ ആന്റണി ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതി. ചെങ്ങന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന പൊന്നമ്മയാണ് (75) പ്രായം കൂടിയ പരീക്ഷാർത്ഥി. ജനപ്രതിനിധികൾ ആറു പേരുണ്ട്. നിരവധി ദമ്പതികളും പരീക്ഷയെഴുതുന്നു. ഒൻപത് വിഷയങ്ങളാണുള്ളത്. എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടുന്നവർ വിജയിക്കും.

വിജയികൾക്ക് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് ചേരാം.