photo

ചേർത്തല: മലയാള സിനിമയിൽ വൈകിയെത്തി, ശ്രദ്ധേയ വേഷങ്ങളിലൂടെ മനസുകളിൽ ഇടംപിടിച്ച നടി ലീന ആന്റണി 73-ാം വയസിൽ പത്താംതരം തുല്യത പരീക്ഷയെഴുതി. ആറുപതി​റ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് പരീക്ഷാഹാളിലെ പരീക്ഷണം. ആദ്യദിനത്തിലെ മലയാളം പരീക്ഷ 'സിംപിൾ' ആയിരുന്നെന്ന് ലീന ആന്റണിയുടെ വിലയിരുത്തൽ.
തൈക്കാട്ടുശ്ശേരി ഉളവെയ്പു സ്വദേശിനിയായ ലീനആന്റണി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ തുല്യത പഠനകേന്ദ്രം വഴിയാണ് ക്ലാസുകളിൽ പങ്കെടുത്തു പരീക്ഷക്കു തയ്യാറെടുത്തത്. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. പഴയകാല നാടകനടിയാണ് ലീന. മഹേഷിന്റെ പ്രതികാരം സിനിമയിൽ ചാച്ചനും അമ്മച്ചിയുമായി അഭിനയിച്ച് ശ്രദ്ധേയരായ ദമ്പതികളാണ് പരേതനായ കെ.എൽ. ആന്റണിയും ഭാര്യ ലീന ആന്റണിയും. രണ്ടു വർഷം മുമ്പ് കെ.എൽ.ആന്റണിയുടെ മരണത്തെ തുടർന്ന് സിനിമയിൽ നിന്നു വിട്ടുനിന്നെങ്കിലും അടുത്തകാലത്തിറങ്ങിയ ജോ ആൻഡ് ജോയിലും സത്യൻ അന്തിക്കാടിന്റെ മകളിലും ശ്രദ്ധേയമായ വേഷം ചെയ്ത് വീണ്ടും സജീവമായി.
ലീനയുടെ പിതാവിന്റെ മരണത്തെ തുടർന്ന് 60 വർഷം മുമ്പ് മുടങ്ങിയ പഠനമാണ് പുനരാരംഭിച്ച് പരീക്ഷയിലെത്തിയത്. പാഠഭാഗങ്ങൾ മനസിലാക്കിയും മനപ്പാഠമാക്കിയുമാണ് പരീക്ഷയ്‌ക്കെത്തിയതെന്നും ലീന ആന്റണി പറഞ്ഞു. രാവിലെ ഒമ്പതോടെ സ്‌കൂളിലെത്തിയ ലീനയെ ഹെഡ് മാസ്​റ്റർ എ.എസ്. ബാബുവും മ​റ്റു അദ്ധ്യാപകരും ചേർന്ന് സ്വീകരിച്ചു. ആന്റണിയുടെ മരണശേഷമുള്ള ഒ​റ്റപ്പെടലാണ് പഠനത്തിലേക്കെത്തിച്ചത്. ലീനയോടൊപ്പം കൂട്ടുകാരി ലളിതയും ക്ലാസിലെ 23 പേരും പരീക്ഷയെഴുതി.