
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർ ബാങ്ക് സമയം കഴിഞ്ഞിട്ടും അടയ്ക്കാൻ സമ്മതിക്കാതെ അകത്ത് കുത്തിയിരുന്നു. കോടികളുടെ തട്ടിപ്പ് നടന്ന് ആറ് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വനിതകൾ അടക്കമുള്ള നിക്ഷേപകർ ബാങ്ക് ഹെഡ് ഓഫീസിൽ പ്രതിഷേധിച്ചത്. രാത്രി 10 മണി കഴിഞ്ഞിട്ടും സമരക്കാർ ബാങ്കിൽത്തന്നെ തുടരുകയാണ്.
ഇന്നലെ ബാങ്ക് സമയം കഴിഞ്ഞപ്പോൾ ജീവനക്കാർ പ്രതിഷേധക്കാരോട്, പുറത്തു പോകണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിഷേധിക്കപ്പെട്ടതോടെ, ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് നടത്തിയ ചർച്ചയിലും നിക്ഷേപകർ പിൻതിരിയാൻ തയ്യാറായില്ല. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവരും എത്തി, നഷ്ടപ്പെട്ട നിക്ഷേപം സമയബന്ധിതമായി നൽകാമെന്ന് ഉറപ്പ് തരാതെ ബാങ്കിൽ നിന്ന് ഇറങ്ങില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്. ഒടുവിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ചർച്ചയാരംഭിച്ചു. പക്ഷേ, ഡയറക്ടർ ബോർഡംഗങ്ങൾ എത്തിയില്ല. ഇതോടെയാണ് ചർച്ച വഴിമുട്ടി പ്രതിഷേധം തുടർന്നത്.
കൺവീനർ ബി.ജയകുമാർ, എം.വിനയൻ, വി.ജി.രവീന്ദ്രൻ, ടി.കെ.പ്രഭാകരൻ നായർ, കെ.സി.ചെറിയാൻ, പി.സി.ശശി രമാ രാജൻ, പ്രഭാ ബാബു, ഉഷ, ശ്രീലത, ഇന്ദിരാ സജി, പി. ശ്രീകുമാരിയമ്മ, ഇ.ജി. ശ്രീകുമാരി, രാജശ്രീ, ബിന്ദു എന്നിവർ നേതൃത്വം നൽകി.