kummanam

മാന്നാർ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച ആദിത്യൻ, വിനീഷ്, രാകേഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അപകടം നടന്ന പള്ളിയോടക്കടവും അദ്ദേഹം സന്ദർശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, മീഡിയ സെൽ കൺവീനർ അജിത്ത് പിഷാരത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാപ്രസിഡന്റ് സജു കുരുവിള, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സേനൻ, മേഖലാ പ്രസിഡന്റ് ഹരി മണ്ണാരേത്ത്, മേഖല ജനറൽ സെക്രട്ടറി ദിനു, വൈസ് പ്രസിഡന്റ് പി. രവി, ഗ്രാമപഞ്ചയത്ത് അംഗങ്ങളായ ഗോപൻ ചെന്നിത്തല, ജി.ജയദേവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.