കായംകുളം : മഴയൊന്നു ചാറിയാൽപ്പോലും റോഡുകളിലുൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് കായംകുളം നഗരത്തിൽ ജനജീവിതം ദുരിതപൂർണമാക്കുന്നു. അടഞ്ഞു കിടക്കുന്ന കാനകളും ഒഴുക്കുനിലച്ച തോടുകളുമാണ് മഴക്കാലത്തെ വെള്ളക്കെട്ടിന് കാരണം. നഗരത്തിന്റെ ഹൃദയഭാഗത്തും പടിഞ്ഞാറൻ മേഖലയിലും എരുവ ഭാഗത്തുമാണ് വെള്ളക്കെട്ട് ഭീഷണി രൂക്ഷം.മഴ ശക്തമായാൽ മിക്ക റോഡുകളിലും വെള്ളക്കെട്ടാണ്. ഇത് അപകടത്തിനും കാരണമാകുന്നു.
കാനകൾ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മാർഗം സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥിതി ഒഴിവാക്കാമായിരുന്നെന്ന് നഗരവാസികൾ പറയുന്നു. കായംകുളം കായലുമായി ബന്ധപ്പെട്ടുള്ളതാണ് നഗരത്തിലെ തോടുകളെല്ലാം. നിലവിലുള്ള ചെറുതോടുകൾ പലേടത്തും കൈയേറിയിട്ടുണ്ടെങ്കിലും ഇത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
കരിപ്പുഴ തോട്ടിലെ ജലനിരപ്പ് ഉയർന്നാൽ നഗരത്തിലെ മിക്ക പ്രദേശങ്ങളെയും ബാധിക്കും. നഗരത്തിന്റെ പടിഞ്ഞാറൻഭാഗത്തും വെയർഹൗസിന് സമീപവും കഴിഞ്ഞ മഴക്കാലത്ത് നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. റോഡിൽ വെള്ളക്കെട്ടാകുന്നത് റോഡ് തകരുന്നതിനും കാരണമാകുന്നു. കെ.പി റോഡിൽ റെയിൽവേ മേല്പാലത്തിന് സമീപം ചെറിയ മഴപെയ്യുബോൾ തന്നെ വെള്ളക്കെട്ടാകും.
വെള്ളക്കെട്ടിന് പിന്നിൽ
1. അടഞ്ഞു കിടക്കുന്ന കാനകളും ഒഴുക്കു നിലച്ച തോടുകളും
2. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളില്ല
3. തോടുകളിലെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല
4. മഴ പെയ്താൽ റോഡുകളിൽ വെള്ളക്കെട്ടാകും
പടിഞ്ഞാറൻ മേഖലയിലും എരുവയിലും കഴിഞ്ഞമാസത്തെ ശക്തമായ മഴയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. മഴക്കാലത്തിന് മുമ്പ് കാനകൾ ശുചീകരിക്കാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം
- അജയകുമാർ പ്രദേശവാസി