 
ആലപ്പുഴ: അച്ചടക്ക നടപടികളുടെ പേരിൽ വിരമിക്കൽ ആനുകൂല്യങ്ങൾ തടയാൻ അധികൃതർക്ക് അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2020 മെയ് 27നുള്ള സർക്കാർ ഉത്തരവ് പ്രകാരവും വിവിധ കോടതികളുടെ വിധിന്യായങ്ങൾ അനുസരിച്ചും മത്സ്യഫെഡിലെ മുൻ ജീവനക്കാരന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി തുറമുഖ വകുപ്പ് സെക്രട്ടറിക്കും മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർക്കും നിർദ്ദേശം നൽകി. മത്സ്യഫെഡ് സ്വീകരിച്ചു വരുന്ന അച്ചടക്ക നടപടികളുടെ സാങ്കേതിക വശങ്ങളിൽ കമ്മീഷൻ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. മത്സ്യഫെഡിൽ നിന്ന് വിരമിച്ച ജീവനക്കാരന്റെ ഭാര്യ അല്ലി മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.