മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാട്ടുകര സാഹിത്യ,സാംസ്‌കാരിക മഹാസമ്മേളനത്തിനു മുന്നോടിയായി അഞ്ചു ഘട്ടങ്ങളിലായി നടത്തുന്ന ആദ്യസമ്മേളനം 18ന് വൈകിട്ട് 4ന് ലൈബ്രറിയിൽ നടക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന അംഗം ഇലിപ്പക്കുളം രവീന്ദ്രൻ അദ്ധ്യക്ഷനാവും. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നൂറാം വയസിൽ ജീവിതസ്മരണകൾ എഴുതിയ സ്വാതന്ത്ര്യസമര സേനാനി കെ.ഗംഗാധരപ്പണിക്കർ, സാഹിത്യപോഷിണി പത്രാധിപരും സാംസ്‌കാരികപ്രവർത്തകനുമായ ചുനക്കര ജനാർദ്ദനൻ നായർ, ഏറ്റവും കൂടുതൽ നാടകങ്ങൾ എഴുതി അവതരിപ്പിച്ച ഫ്രാൻസിസ് ടി.മാവേലിക്കര, സിനിമ പഠന ഗ്രന്ഥകാരനും അന്താരാഷ്ട്ര ഫിലിം ജൂറി അംഗവുമായ മധു ഇറവങ്കര, നോവലിസ്റ്റ് കെ.കെ.സുധാകരൻ, മെർലിൻ അവാർഡ് ജേതാവും മാജിക് ഗ്രന്ഥകാരനുമായ മജീഷ്യൻ സാമ്രാജ്, ആകാശവാണി പ്രോഗ്രാം മുൻ എക്സിക്യൂട്ടീവും കാർഷിക വൈജ്ഞാനികനുമായ മുരളീധരൻ തഴക്കര, സംസ്‌കൃതപണ്ഡിതനും വൈജ്ഞാനികനുമായ സി.പ്രസാദ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. മഹാസമ്മേളനത്തിനു മുന്നോടിയായിട്ടുള്ള രണ്ടാംഘട്ട സമ്മേളനം ഓണാട്ടുകര ചിത്രകാരന്മാരുടെ സാന്നിദ്ധ്യത്തിലുള്ള ചിത്രപ്രദർശനം ആയിരിക്കുമെന്ന് സെക്രട്ടറി ജോർജ് തഴക്കര അറിയിച്ചു.