arr

അരൂർ : കല്യാണ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. എറണാകുളം പനങ്ങാട് അരുപ്പിള്ളിച്ചിറ സതീശനാണ് (42) മരിച്ചത്. തീരദേശ പാതയിൽ എഴുപുന്ന റെയിൽവേ ക്രോസിന് വടക്കുഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 7.30നായിരുന്നു അപകടം. എഴുപുന്ന സ്റ്റേഷന് സമീപത്തെ യവനിക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം പനങ്ങാട്ടുള്ള വീട്ടിലേക്ക് പോകുന്നതിനായി, ബന്ധുവിന്റെ വിവാഹ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ ഭാര്യ രാഖിയുമൊത്ത് റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ കൊച്ചുവേളി എക്സ്പ്രസ് സതീശനെ ഇടിക്കുകയായിരുന്നു. ഭാര്യ ആദ്യം ട്രാക്കിൽ നിന്ന് ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ സതീശനെ ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സതീശന്റെ വല്യമ്മ പത്മാക്ഷിയുടെ മകൻ സന്ദീപിന്റെ കല്യാണ റിസപ്ഷനിൽ പങ്കെടുക്കാനാണ് ഇവർ എഴുപുന്നയിൽ എത്തിയത്. മകൾ : സാന്ദ്ര.