മാന്നാർ: ചെന്നിത്തല പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ആദിത്യൻ (18), രാകേഷ്(45), വിനീഷ്(35) എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ചും ചെന്നിത്തല പള്ളിയോട സമിതിയുടെ അടിയന്തരയോഗം ചേർന്നു. പള്ളിയോടത്തിന്റെ 130 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അപകടം ഉണ്ടായത്. പരിചയസമ്പന്നരായ ആളുകളാണ് അമരക്കാരായും തുരച്ചിൽക്കാരായും പള്ളിയോടത്തിൽ ഉണ്ടായിരുന്നതെന്നും 75 ഓളം പേർക്ക് കയറാവുന്ന പള്ളിയോടത്തിൽ ആകെ 60 പേരാണ് ഉണ്ടായിരുന്നതെന്നും സമിതി അറിയിച്ചു.
മഴയും വെള്ളപ്പൊക്കവും മൂലം ഉണ്ടായ കുത്തൊഴുക്കും കാറ്റും അനുഷ്ഠാന പിഴവുകളും ആകാം പള്ളിയോടം മറിയാൻ ഉണ്ടായ കാരണമെന്ന് സമിതി വിലയിരുത്തി.
ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും ആശംസ അറിയിക്കാനുമായി എത്തിയ വിശിഷ്ടാതിഥികളായ സജി ചെറിയാൻ എം.എൽ.എ, രമേശ് ചെന്നിത്തല എം.എൽ.എ, എം.മുരളി തുടങ്ങിയവർ അപകടം നടന്ന് മിനിട്ടുകൾക്കകം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആലപ്പുഴ ജില്ലയിലുള്ള എല്ലാ സ്കൂബ ടീമുകളും സമീപത്തെ അഞ്ചോളം പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരും പൊലീസ് ഓഫീസർമാരും സ്ഥലത്ത് രണ്ട് ദിവസവും തെരച്ചിലിനായി ക്യാമ്പ് ചെയ്തു. സജി ചെറിയാൻ അപകട സമയം മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്തു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.നാരായണപിള്ള സദാശിവൻ പിള്ള തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. ഇന്ത്യൻ നേവിയുടെ ഡൈവേഴ്സ് ടീമും എത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കരയോഗം പ്രസിഡന്റ് കെ.വി.രമേശ് പറഞ്ഞു. തുടർന്ന് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് യോഗം പിരിഞ്ഞു.