മാന്നാർ: ചെന്നിത്തല അച്ചൻകോവിലാറ്റിലെ വലിയപെരുമ്പുഴക്കടവിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തും. രാവിലെ 11ന് തൃപ്പെരുന്തുറ വില്ലേജ് ഓഫീസിലാണ് തെളിവെടുപ്പ്. തെളിവെടുപ്പിന് ഹാജരാകണമെന്ന് കാട്ടി പള്ളിയോട ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ചടങ്ങുകൾക്കിടയിൽ ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തിൽ യുവാക്കളായ ആദിത്യൻ (18), വിനീഷ് (35), രാകേഷ് (45) എന്നിവർ മരിച്ചിരുന്നു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടറോട് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള നടപടികൾക്കായി ചെങ്ങന്നൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിട്ടിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.