jodo
ഭാരത് ജോഡോ യാത്ര

ആലപ്പുഴ: ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങൾ പരത്തി ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾക്കെതിരെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളിൽ ഭയം ഉണ്ടാക്കുന്നതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി വിലയിരുത്തി. രാഹുൽഗാന്ധി നയിക്കുന്ന യാത്രയ്ക്ക് ജില്ലയിൽ വമ്പിച്ച വരവേൽപ്പ് നൽകാനും തീരുമാനിച്ചു. ജില്ലയിലെ 64 കേന്ദ്രങ്ങളിൽ വിവിധ ഘടക കക്ഷികളുടെ നേതൃത്വത്തിൽ യാത്രയെ വരവേൽക്കും. കാർഷിക, കയർ, മത്സ്യ മേഖലയിലെ പ്രശ്‌നങ്ങൾ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എ.എം.നസീർ, ജേക്കബ് എബ്രഹാം, കെ.സണ്ണിക്കുട്ടി, ബാബു വലിയവീടൻ, കളത്തിൽ വിജയൻ, മേടയിൽ അനിൽകുമാർ, ആർ.പൊന്നപ്പൻ, അഹമ്മദ് അമ്പലപ്പുഴ, കമാൽ എം.മാക്കിയിൽ, ബാബുക്കുട്ടൻ, പി.തമ്പി, അമൃതേശ്വരൻ, തോമസ് ചുള്ളിയിൽ, ഫസലുദ്ദീൻ, മാന്നാർ അബ്ദുൾ ലത്തീഫ്, പി.രാമചന്ദ്രൻ, കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.