photo

ആലപ്പുഴ: കായൽയാത്രയി​ൽ നി​ന്ന് കൂടുതൽ കാശുവാരാൻ ജലഗതാഗത വകുപ്പ് ആധുനി​ക സൗകര്യങ്ങളോടെ നി​ർമ്മി​ച്ച മൂന്നു ബോട്ടുകൾ നീരണി​യുന്നു. ആലപ്പുഴ, കൊല്ലം, എറണാകുളം മേഖലകളി​ലാവും സർവീസ്. 90 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിന്റെ ഉദ്ഘാടനം നാളെ രാവി​ലെ 11ന് കൊച്ചി​ പോർട്ടി​ലും സീ കുട്ടനാട് ബോട്ടി​ന്റെ ഉദ്ഘാടനം വൈകി​ട്ട് നാലി​ന് ആലപ്പുഴയിലും മന്ത്രി​ ആന്റണി​ രാജു നി​ർവഹി​ക്കും. കൊല്ലത്ത് നിർമ്മാണം പൂർത്തിയായ ബോട്ടിന്റെ നീരണിയൽ ഈ മാസം അവസാനം നടക്കും.

കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രയും ആധുനിക സൗകര്യങ്ങളുമാണ് ഓരോ ബോട്ടി​ലുമുള്ളത്. ആലപ്പുഴയി​ലെ പുതി​യ സീ കുട്ടനാട് ബോട്ടി​ൽ 75 പേർക്ക് യാത്ര ചെയ്യാം. നി​ലവി​ലെ സീ കുട്ടനാട് ബോട്ട് സാധാരണ യാത്രാബോട്ട് ആക്കാനാണ് തീരുമാനം. 120 പേർക്ക് യാത്ര ചെയ്യാവുന്ന എ.സി​ ബോട്ടായ 'വേഗ'യുടെ നി​ർമ്മാണം പുരോഗമി​ക്കുന്നു. മൂന്ന് കോടിയാണ് ചെലവ്. പുതി​യ സീ കുട്ടനാട് ഒരു നി​ല ബോട്ടാണ്. കൊല്ലത്തെ സീ അഷ്ടമുടി​ ബോട്ടി​ന് രണ്ട് നിലയുണ്ട്. 72 യാത്രക്കാർക്ക് വീതം സഞ്ചരിക്കാവുന്ന ബോട്ടുകൾക്ക് ഓരോന്നിനും ചെലവ് 2.5 കോടിയാണ്. ഇവയി​ൽ ശീതീകരണ സംവിധാനം ഉണ്ടാകും. നിലവിലുള്ള വേഗയുടെ അതേ വലിപ്പത്തിൽ പുതി​യ വേഗ ബോട്ട് നി​ർമ്മി​ക്കാൻ 3 കോടിയാണ് സർക്കാർ അനുവദിച്ചത്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല.

രണ്ട് പുതിയ വാട്ടർ ടാക്‌സികളുടെ നിർമ്മാണവും പുരോഗമിക്കുന്നു. പറശ്ശിനിക്കടവ്, മുഹമ്മ എന്നിവടങ്ങളിലാണ് നിലവിൽ വാട്ടർ ടാക്‌സിയുള്ളത്.

# സുരക്ഷിതയാത്ര

ആധുനിക സംവിധാനത്തോടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ കാറ്റമറൈൻ ബോട്ട് സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് നീറ്റിലിറക്കുന്നത്. മൂന്ന് കോടിയാണ് നി​ർമ്മാണ ചെലവ്. 20 മീറ്റർ നീളമുണ്ട്. ഏഴ് മീറ്റർ വീതി. ഏഴ് നോട്ടിക്കൽ മൈൽ വേഗം. കാലപ്പഴക്കം വന്ന യാത്രാ ബോട്ടുകൾക്ക് പകരം എല്ലാ സ്റ്റേഷനുകളിലും കാറ്റമറൈൻ ബോട്ടുകൾ നീറ്റിലിറക്കാനുള്ള ആലോചനയിലാണ് വകുപ്പ്.

# ഉദ്ഘാടനം ഇന്ന്

ആലപ്പുഴ നഗരചത്വരത്തിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങി​ൽ പാസഞ്ചർ കം ടൂറിസം ബോട്ടിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരി​ഫ് എം.പി, പി.പി.ചിത്തഞ്ജൻ എം.എൽ.എ എന്നി​വർ മുഖ്യാതി​ഥികളായിരിക്കും.