 
ഹരിപ്പാട് : കേൾവിക്കാരില്ലാതായതോടെ അടച്ചു പൂട്ടിയ നെടുന്തറയിലെ 'റേഡിയോ സ്റ്റേഷൻ' നാടിന്റെ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നാവശ്യമുയരുന്നു. ഒരു കാലത്ത് നിരവധി പേരുടെ വിനോദോപാധിയായിരുന്ന റേഡിയോ കിയോസ്കാണ് കാടുമൂടി, മേൽക്കൂരയിൽ ആൽ കിളിർത്ത് നാശത്തിലേക്ക് നീങ്ങുന്നത്.
ഹരിപ്പാട് പ്രതിമുഖം -പള്ളിപ്പാട് റോഡിൽ നെടുന്തറ പാലത്തിന് പടിഞ്ഞാറു വശത്താണ് പ്രതാപത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കെട്ടിടമുള്ളത്. റേഡിയോ സർവസാധാരണമാകുന്നതിന് മുമ്പ് പ്രദേശത്തെ ജനങ്ങളുടെ നേരമ്പോക്കിനുള്ള ഏക ആശ്രയമായിരുന്നു ഈ റേഡിയോ കിയോസ്ക് . സമചതുരാകൃതിയിൽ കുമ്മായക്കെട്ടിൽ തീർത്ത, ഒരാൾക്ക് കഴിയാൻ പാകത്തിലുള്ള ഈ കെട്ടിടത്തിൽ ബാറ്ററിയിൽ പ്രവർത്തിച്ചിരുന്ന റേഡിയോയായിരുന്നു അന്ന് നാട്ടിലെ താരം. ചലച്ചിത്രഗാനങ്ങൾ ,കഥകൾ, കൗതുകലോകം, ചലച്ചിത്ര ശബ്ദരേഖ ഇവയൊക്കെ കേൾക്കാൻ ഗ്രാമീണ ജനത വെയിലാറുന്ന നേരത്ത് കെട്ടിടത്തിന് ചുറ്റും തടിച്ചുകൂടും. ഓപ്പറേറ്ററെത്തി കെട്ടിടത്തിന്റെ പൂട്ടു തുറന്ന് അകത്തു കയറി, മേശയുടെ പുറത്ത് സൂക്ഷിച്ചിട്ടുള്ള റേഡിയോ പ്രവർത്തിപ്പിക്കുന്നതു വരെ കേൾവിക്കാർ അക്ഷമയോടെ കാത്തിരിക്കും. ഒന്നോ രണ്ടോ മണിക്കൂർ റേഡിയോ പ്രവർത്തിപ്പിച്ച ശേഷം ഓപ്പറേറ്റർ മടങ്ങും. രാജ ഭരണകാലത്താണ് കിയോസ്കിന്റെ തുടക്കം.
1975 വരെയൊക്കെ ഇത് പ്രവർത്തിച്ചിരുന്നതായാണ് പഴമക്കാർ പറയുന്നത്. റേഡിയോ സർവസാധാരണമായതോടെ ഈ കിയോസ്കിന്റെ പ്രസക്തി ഇല്ലാതായി. പിന്നീട് പ്രദേശവാസിയായ ഒരു വൃദ്ധന്റെ കിടപ്പാടമായി കെട്ടിടം മാറി. പതിറ്റാണ്ടുകളോളം ഈ നില തുടർന്നതിനുശേഷം കെട്ടിടത്തിന് പൂട്ടുവീണു.
കറുകയിൽ വൈദ്യന്മാർ എന്നറിയപ്പെടുന്ന കുടുംബമാണ് കെട്ടിടം നിർമ്മിക്കാനായി അന്ന് സ്ഥലം വിട്ടു കൊടുത്തത്. അര സെന്റോളം സ്ഥലത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ത്രിതല പഞ്ചായത്തുകളോ സന്നദ്ധ സംഘടനകളോ ഈ കെട്ടിടം സംരക്ഷിക്കാൻ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.