ആലപ്പുഴ : കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) നേതൃത്വത്തിൽ മൂലമ്പള്ളിയിൽനിന്നും വിഴിഞ്ഞത്തേക്കു നടത്തുന്ന ജനബോധനയാത്ര നാളെ ജില്ലയിൽ എത്തും. എട്ടുകേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആലപ്പുഴ രൂപതാ പി.ആർ.ഒ. ഫാ.സേവ്യർ കുടിയാംശ്ശേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന അതിജീവന സമരം 50 ദിവസം പിന്നിട്ടു. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം അതീവ തീരശോഷണത്തിനും വീടും തൊഴിലുപകരണങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ പരിഗണിക്കമെന്നാവശ്യപ്പെട്ട്സമരം ശക്തമാക്കും.
വല്ലാർപാടത്തു നിന്നാരരംഭിച്ച യാത്ര 18ന് വിഴിഞ്ഞത്തെത്തിച്ചേരും. നാളെ രാവിലെ ചെല്ലാനത്തു നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് പുന്നപ്രയിൽ എത്തിച്ചേരും. തുടർന്ന് പുന്നപ്ര വിയാനിയിൽ നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. മോൺ. ജോയി പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഭദ്രൻ, സുരേഷ്കുമാർ, കമാൽ എം.മാക്കിയിൽ, ഫാ. വി.പി.ജോസഫ്, ജോസഫ് ജൂഡ്, ജോൺ ബ്രിട്ടോ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. വി.പി.ജോസഫ്, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ.തോമസ്, സാബു വി.തോമസ്, ജോസ് ആന്റണി, തോമസ് വാണിയപുറം, വർഗീസ് മാപ്പിള, ക്ളീറ്റസ് കളത്തിൽ എന്നിവരും പങ്കെടുത്തു.