ആലപ്പുഴ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 17 മുതൽ 20 വരെ ജില്ലയിൽ പര്യടനം നടത്തുമെന്നും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സ്വാഗതസംഘം ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ അഡ്വ. ബി.ബാബുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് 17 ന് രാവിലെ 8.30ന് യാത്രയെ സ്വീകരിക്കും. തുർന്ന് പദയാത്രയായി 10ന് കായംകുളം ജി.ഡി.എം ഗ്രൗണ്ടിലെത്തും.12ന് ഉച്ചഭക്ഷണം. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 3.30 വരെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി രാഹുൽഗാന്ധി ആശയവിനിമയം നടത്തും. വൈകിട്ട് 4ന് കായംകുളത്ത് നിന്ന് ആരംഭിച്ച് നങ്ങ്യാർകുളങ്ങര എൻ.ടി.പി.സി ജംഗ്ഷനിൽ പദയാത്ര സമാപിക്കും. എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലാണ് വിശ്രമം. 18ന് രാവിലെ ഏഴിന് ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും പദയാത്ര പുനരാരംഭിക്കും. രാവിലെ 10ന് തോട്ടപ്പള്ളി ഒറ്റപ്പന ജംഗ്ഷനിൽ എത്തിച്ചേരും. ഉച്ചക്ക് രണ്ട് മുതൽ 3.30വരെ കാർഷികമേഖലയുമായിലുള്ളവരുമായി രാഹുൽ സംസാരിക്കും. നാലിന് യാത്ര പുനരാരംഭിച്ച് വൈകിട്ട് ഏഴിന് വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ സമാപിക്കും.
19ന് രാവിലെ ഏഴിന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് മുൻവശത്തു നിന്നും യാത്ര തുടങ്ങി ദേശീയ പാതവഴി ജനറൽ ആശുപത്രി ജംഗ്ഷൻ, കളക്ടറേറ്റ്, കോൺവെന്റ് സ്‌ക്വയർ, ശവക്കോട്ടപ്പാലം വഴി കാമലോട്ട് കൺവെൻഷൻ സെന്ററിൽ എത്തും. ഉച്ചക്ക് രണ്ട് മുതൽ 3.30വരെ മത്സ്യമേഖലയിലുള്ളവരുമായി രാഹുൽഗാന്ധി സംവദിക്കും. വൈകിട്ട് നാലിന് പുനരാരംഭിക്കുന്ന യാത്ര കണിച്ചുകുളങ്ങരയിൽ സമാപിക്കും. സെന്റ് മൈക്കിൾസ് കോളേജിൽ വിശ്രമം.
20ന് രാവിലെ ഏഴിന് ചേർത്തല എക്‌സ്‌റേ കവലയിൽ നിന്നും പദയാത്ര തുടങ്ങി ഉച്ചക്ക് 12ന് കുത്തിയതോട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എത്തും. ഉച്ചക്ക് രണ്ട് മുതൽ 3.30വരെ തുറവൂരിൽ കയർമേഖലയുള്ളവരുമായി ആശയവിനിമയം. വൈകിട്ട് നാലിന് ആരംഭിക്കുന്ന യാത്ര അരൂർ പള്ളിയുടെ വടക്കേ അതിർത്തിയിൽ സമാപിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകരും ജില്ലയിലെ സ്വീകരണ പരിപാടിയിൽ അണിചേരും. തിരുവല്ല നിയോജകമണ്ഡലത്തിലെ പ്രവർത്തകർ കായംകുളത്തു നിന്നുള്ള പദയാത്രയിൽ അണിനിരക്കും. പാലാ, പുതുപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ പ്രവർത്തകർ ഒറ്റപ്പനയിൽനിന്നുള്ള പദയാത്രയിലും കോട്ടയത്തെ ശേഷിക്കുന്ന മണ്ഡലങ്ങളിലുള്ളവർ കാമലോട്ട് കൺവെൻഷൻ സെന്ററിലും ഇടുക്കി ജില്ലയിലെ പ്രവർത്തകർ അരൂർ, കുത്തിയതോട് എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കും. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി രാവിലെ നടക്കുന്ന പദയാത്രയിൽ ആയിരം പേർ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഉച്ചയ്ക്കുശേഷം 5,000 മുതൽ 50,000 വരെയുള്ള പ്രവർത്തകർ അണിനിരക്കുമെന്നും ബി.ബാബുപ്രസാദ് പറഞ്ഞു . വാർത്തസമ്മേളനത്തിൽ ജില്ല മീഡിയ കമ്മിറ്റി ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, ജില്ല കോഡിനേറ്റർ അഡ്വ. കോശി എം. കോശി, നേതാക്കളായ അഡ്വ. ഡി.സുഗതൻ, അഡ്വ. എം.ലിജു, എ.എ.ഷുക്കൂർ, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, സഞ്ജീവ് ഭട്ട്, ജോൺ കെ.മാത്യു, വി.ഷുക്കൂർ എന്നിവർ പങ്കെടുത്തു.