ആലപ്പുഴ: തട്ടാരമ്പലം – കവല റോഡിൽ പടുതൽ പാലത്തിനു സമീപം തള്ളിയ മാലിന്യങ്ങൾ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇതേപ്പറ്റി ചെട്ടികുളങ്ങര പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശിച്ചു.
സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നതായും തെരുവു വിളക്കുകളുടെ അഭാവം കാരണമാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും കാട്ടി പ്രദേശവാസിയായ ടി.എൻ.മോഹനകുമാർ നൽകിയ പരാതിയിലാണ് നടപടി. സ്ഥലത്ത് കക്കൂസ് മാലിന്യമോ മറ്റേതെങ്കിലും മാലിന്യമോ തള്ളുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ, പഞ്ചായത്തിന്റെ വാദം തള്ളിയ പരാതിക്കാരൻ തെളിവായി ചിത്രങ്ങൾ ഹാജരാക്കി. തുടർന്നാണ് പരാതിക്കാരന്റെ വാദങ്ങൾ ശരിയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചത്.