നായ വട്ടം ചാടിയതിനെത്തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
മാന്നാർ : ചെന്നിത്തല, മാന്നാർ ഗ്രാമ പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമായി. പ്രഭാതസവാരിക്കിറങ്ങുന്നവരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതിലേറെയും.
ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഒരിപ്രം പുതുശ്ശേരിൽ പ്രദീപ്കുമാറും ഭാര്യ സുലേഖയും സഞ്ചരിച്ച ബൈക്ക് ഇന്നലെ രാവിലെ നായ കുറുകെ ചാടിയതിനെ തുടർന്ന് മറിയുകയും സുലേഖയുടെ ഇടതു കൈമുട്ടിന് പൊട്ടലുണ്ടാവുകയും ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ സുലേഖയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാനായി പോകുമ്പോൾ ചെന്നിത്തലയിൽ വച്ചായിരുന്നു അപകടം. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുലേഖയുടെ കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുറ്റിയിൽ രാഹുൽ (29) ബൈക്കിൽ സഞ്ചരിക്കവേ ചെന്നിത്തല കല്ലുമ്മൂട് ജംഗ്ഷന് തെക്ക് വശം നായകുറുകെ ചാടിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി പത്തുണിയോടടുത്ത് അപകടത്തിൽപ്പെട്ടു. കൈ, കാൽമുട്ടുകൾക്ക് പരിക്കേറ്റു. മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സ തേടിയ രാഹുൽ വീട്ടിൽ വിശ്രമത്തിലാണ്. നാഗാലാൻഡിൽ ആർമി പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന രാഹുൽ ഓണാവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തിരികെ പോകാനിരിക്കെയാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ മാന്നാർ ടൗണിൽ നടക്കാനിറങ്ങിയ വൃദ്ധനെ മാർക്കറ്റ് ജംഗ്ഷനു സമീപം വച്ച് തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത വീട്ടിൽ ഓടിക്കയറിയാണ് വൃദ്ധൻ രക്ഷപ്പെട്ടത്.
തെരുവു നായ ശല്യം രൂക്ഷം
ചെന്നിത്തലയിൽ
നവോദയ ജംഗ്ഷൻ, കല്ലുമ്മൂട്, കാരാഴ്മ, മാർക്കറ്റ് ജംഗ്ഷൻ
മാന്നാറിൽ
മാർക്കറ്റ് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ റോഡ്, കുറ്റിയിൽ മുക്ക്, പഞ്ചായത്ത് ബസ് സ്റ്റാൻ്റ് പരിസരം, കുരട്ടിക്കാട്, പാവുക്കര കടപ്രമഠം ജംഗ്ഷൻ, ഇരമത്തൂർ