
ഹരിപ്പാട്: 44ാ മത് പല്ലന മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ആൻവിൻ ക്യാപ്ടനായ ആനാരി ചുണ്ടൻ സ്വർണ്ണക്കപ്പ് സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ അരുന്ധതി ക്യാപ്ടനായ വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾക്കാണ് ആനാരി പിന്നിലാക്കിയത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കെ. മധു ക്യാപ്ടനായ ചെറുതന ചുണ്ടൻ ഒന്നും ബിജിത്ത് ക്യാപ്ടനായ വെള്ളംകുളങ്ങര രണ്ടാമതും എത്തി.
തേക്കനോടി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ വിജയൻ ക്യാപ്ടനായ ചെല്ലിക്കാടൻ ഒന്നും, സൂരജ് ക്യാപ്ടനായ കമ്പനി രണ്ടും ദീപക് ക്യാപ്ടനായ കാട്ടിൽ തെക്കതിൽ മൂന്നും സ്ഥാനങ്ങൾ നേടി. തെക്കനോടി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ ഷൈമോൻ ക്യാപ്ടനായ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി. ലിജിൻ രാജൻ ക്യാപ്ടനായ സാരഥി, ടോമിച്ചൻ ക്യാപ്ടനായ ദേവസ് വള്ളങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഫൈബർ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ മഹേഷ് ക്യാപ്ടനായ മഹാദേവികാട് ഒന്നാം സ്ഥാനം നേടി. വിഷ്ണു ക്യാപ്ടനായ വൈഗ രണ്ടാമതെത്തി. ഫൈബർ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ അൻവർ ക്യാപ്ടനായ തൃക്കുന്നപ്പുഴ ഒന്നാമതായും കിഷോർ ക്യാപ്ടനായ തത്വമസി രണ്ടാമതായും ഫിനിഷ് ചെയ്തു. മൂന്നരയോടെ പല്ലന കുമാരകോടി ആശാൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെ ജലോത്സവത്തിന് തിരിതെളിഞ്ഞു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ പതാക ഉയർത്തി. തുടർന്ന് പവലിയന് മുന്നിൽ മത്സര വള്ളങ്ങളുടെ മാസ്ഡ്രിൽ എസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു. മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ജലോത്സവം ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എൽ.എയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. പവലിയനിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.എസ് താഹ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് യു ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രുഗ്മിണി രാജു, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, ബ്ലോക്ക് പഞ്ചായത്തംഗം നാദിറ ഷാക്കിർ ,സി.എച്ച്.സാലി, കെ.കാർത്തികേയൻ, അർച്ചനാ ദിലീപ്, എസ്.സുരേഷ് കുമാർ, എസ്.ഉദയനൻ, എ.കെ.ബൈജു എന്നിവർ സംസാരിച്ചു.