theluvetupp
ചെന്നിത്തല പള്ളിയോടം അപകടം മജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ആർ.ഡി.ഒ എസ്.സുമയുടെ നേതൃത്വത്തിൽ തൃപ്പെരുന്തുറ വില്ലേജ് ഓഫീസിൽ തെളിവെടുപ്പ് നടത്തുന്നു

മാന്നാർ: അച്ചൻകോവിലാറ്റിലെ വലിയ പെരുമ്പുഴക്കടവിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് തുടങ്ങി. ഇന്നലെ രാവിലെ 11ന് തൃപ്പെരുന്തുറ വില്ലേജ് ഓഫീസിൽ ചെങ്ങന്നൂർ ആർ.ഡി.ഒ എസ്.സുമയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പള്ളിയോട ഭാരവാഹികൾ ഉൾപ്പെടെ 35 ഓളം പേർക്ക് തെളിവെടുപ്പിന് ഹാജരാകണമെന്ന് കാട്ടി നേരത്തെ കത്ത് നൽകിയിരുന്നു. ഓഫീസിലെത്തിയ 29 പേരിൽ നിന്നും മൊഴിയെടുത്തു. മാവേലിക്കര തഹസിൽദാർ പി.സി.ദിലീപ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.സുരേഷ് ബാബു, ജി.ബിനു, ജി.അനിൽകുമാർ, സിന്ധു, തൃപ്പെരുന്തുറ വിലേജ് ഓഫീസർ രാജി, ടി.സി. ദാസൻ, അജിത് കുമാർ, സജീഷ്, ശ്രീജ, സൗമ്യ സദാനന്ദൻ, അജിത, ശ്രീവിദ്യ, സിമി, എസ് വേലായുധൻപിളള എന്നിവരടങ്ങുന്ന സംഘമാണ് മൊഴികൾ രേഖപ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന കളക്ടറുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.