
ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് ചേർത്തല പാണാവള്ളിക്കടുത്ത് വേമ്പനാട്ടുകായലിലെ നെടിയതുരുത്തിൽ നിർമ്മിച്ച കാപികോ റിസോർട്ട് സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചു തുടങ്ങി. സെവൻ സ്റ്റാർ റിസോർട്ടിലെ 54 വില്ലകളിൽ രണ്ടെണ്ണം ഇന്നലെ ഭാഗികമായി പൊളിച്ചു. ആറുമാസമെടുക്കും മുഴുവനും പൊളിച്ച് മാലിന്യം നീക്കം ചെയ്യാൻ.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഉടമകൾതന്നെയാണ് പൊളിക്കുന്നത്. ചെലവും അവർതന്നെ വഹിക്കും. മാലിന്യം നീക്കുന്നതിന്റെ ഉത്തരവാദിത്വവും ഉടമകൾക്കാണ്. 320 കോടി ചെലവിട്ട് ഏഴ് ഹെക്ടറിലധികം സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നടപടി നീണ്ടു. തങ്ങളുടെ ഭൂമി കൈയേറിയെന്നും നിർമ്മാണം നിയമം ലംഘിച്ചാണെന്നും ആരോപിച്ച് മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. റിസോർട്ടിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല. അരയൻകാവ് ക്ഷേത്ര ജെട്ടിയിൽ നിന്ന് ബോട്ടുമാർഗം പത്ത് മിനിട്ടുവേണം റിസോർട്ടിലെത്താൻ.
നിർമ്മാണത്തിനായി കൈയേറിയ 2.93 ഹെക്ടർ ഭൂമി ദിവസങ്ങൾക്ക് മുമ്പ് കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിൽ കണ്ടുകെട്ടിയിരുന്നു. ഭൂമിയുടെ വിനിയോഗ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. മാലിന്യങ്ങൾ കായലിൽ വീഴില്ലെന്ന് ഉറപ്പാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. കളക്ടറും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
നിർമ്മാണത്തിനായി പൈലിംഗ് നടത്തിയത് 45 മീറ്റർ താഴ്ചയിലാണ്. അതിനാൽ പൊളിക്കൽ പൂർത്തിയായാൽ മാത്രമേ കെട്ടിടാവശിഷ്ടത്തിന്റെ അളവ് അറിയാനാകൂ. ദേശീയപാത വികസനത്തിന് ഇത് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കും. വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സംരക്ഷിക്കും.
500 കോടിയുടെ പദ്ധതി, സെവൻ സ്റ്റാർ സൗകര്യങ്ങൾ
 ലക്ഷ്യമിട്ടത് 500 കോടിയുടെ പദ്ധതിക്ക്
ഇതുവരെ ചെലവിട്ടത് 320 കോടി
35,900 ചതുരുശ്ര അടിയിൽ 54 വില്ലകൾ
കായലിനടിയിലൂടെ
വൈദ്യുതി കേബിൾ
വൈദ്യുതി എത്തിച്ചത് കായലിനടിയിലൂടെ ഹൈടെൻഷൻ കേബിൾ സ്ഥാപിച്ച്
1007 മീറ്റർ കായലിലും 165 മീറ്റർ കരയിലും കേബിൾ സ്ഥാപിച്ചു. ചെലവ് ഒന്നരക്കാേടി.
1000, 250 കെ.വി കപ്പാസിറ്റിയുള്ള രണ്ട് ജനറേറ്ററുകൾ. മൊത്തം ചെലവ് രണ്ടരക്കോടി.
 വേമ്പനാട്ടുകായലിലെ നെടിയതുരുത്ത്
# ആകെ 7.0212 ഹെക്ടർ
# കൈയേറിയത് 2.93 ഹെക്ടർ
# 5 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്നു
# നിലവിൽ റിസോർട്ട് മാത്രം
കേസിന്റെ നാൾവഴി
2007: നിർമ്മാണത്തുടക്കം
2011: മത്സ്യത്തൊഴിലാളികൾ ഹൈക്കോടതിയിൽ
2013: നിർമ്മാണം പൂർത്തിയായി
2013 ജൂലായ് 25: റിസോർട്ട് പൊളിക്കണമെന്ന് ഹൈക്കോടതി
2019: സുപ്രീംകോടതിയിൽ കാപികോയുടെ അപ്പീൽ
2020 ജനുവരി 10: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു
2020: പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി
2022 ആഗസ്റ്റ് 8: കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന് നോട്ടീസ്
2022 സെപ്തം.15: പൊളിക്കൽ തുടങ്ങി
2022 സെപ്തം. 23: സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും
''ആരൊക്കെയോ ചെയ്ത തെറ്റ് തിരുത്താൻ പൊതുപണം മുടക്കേണ്ടതില്ല. അതിനാലാണ് റിസോർട്ട് ഉടമകളുടെ സ്വന്തം ചെലവിൽ പൊളിക്കാൻ നിർദ്ദേശിച്ചത്. നിർമ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമുണ്ടാകും.
വി.ആർ. കൃഷ്ണതേജ, കളക്ടർ, ആലപ്പുഴ