പ്രഖ്യാപനം ഇന്ന്

അമ്പലപ്പുഴ : 106 വർഷമായി കഞ്ഞിപ്പാടത്ത് മാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചു വന്ന എൽ.പി സ്കൂളിന് സർക്കാർ മേൽവിലാസമാകുന്നു. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി നടത്തും. സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്.

ആകെയുണ്ടായിരുന്ന അദ്ധ്യാപിക പെൻഷനായതോടെ സ്കൂളിൽ പഠിപ്പിക്കാൻ ആളില്ലാതാകുന്ന അവസ്ഥയെപ്പറ്റി കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

കഞ്ഞിപ്പാടത്തെ സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിനായി ആദ്യശ്രമം നടത്തിയത് 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായിരുന്ന ജി.സുധാകരനായിരുന്നു. സ്കൂളിന്റെ പരാധീനതകൾ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഇടപെടൽ. അന്ന് കാബിനറ്റിൽ നിർദ്ദേശം വച്ച് നടപടികൾ മുന്നോട്ട് നീക്കിയെങ്കിലും പൂർത്തിയാക്കാനായില്ല. പിന്നീട് വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്താകട്ടെ ഫയൽ നീങ്ങിയുമില്ല.

ആദ്യ പിണറായി സർക്കാരാണ് തുടർനടപടികൾ കൈക്കൊണ്ടത്. ഇപ്പോഴത്തെ സർക്കാർ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

സ്കൂളിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. സ്കൂൾ മാനേജ്മെന്റംഗങ്ങളെയും മുൻ പ്രഥമാദ്ധ്യാപകരെയും മന്ത്രി വി.ശിവൻകുട്ടി ആദരിക്കും.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പി.അഞ്ജു, ഡി ഓമന, ആർ.സുമ, സുമംഗലി, ലിറ്റി തോമസ്, എം.ദീപ, പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനൽ, വി.ധ്യാനസുതൻ, ശ്രീജ രതീഷ്, വി.ആർ.അശോകൻ, അനിത , അഡ്വ. പ്രദീപ്തി സജിത്ത് തുടങ്ങിയവർ സംസാരിക്കും.

കാക്കാഴത്തിനു പിന്നാലെ കഞ്ഞിപ്പാടവും

സ്വകാര്യ മാനേജ്മെന്റിനു കീഴിലായിരുന്ന കാക്കാഴം ഹൈസ്കൂളും നേരത്തേ സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് ഇവിടെ ഹയർ സെക്കൻഡറിയും അനുവദിച്ചു. ജി.സുധാകരൻ എം.എൽ.എ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ച് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കഞ്ഞിപ്പാടം എൽ.പി.എസും സർക്കാർ ഏറ്റെടുക്കുന്നത്.

2006ലെ വി.എസ്.സർക്കാരിന്റെ കാലത്തു മുതൽ തുടങ്ങിയ ശ്രമങ്ങളാണ് ഇപ്പോൾ ഫലവത്തായത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപടികൾ മരവിച്ചെങ്കിലും ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ വേഗത്തിലായി. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്.

- ജി.സുധാകരൻ. മുൻമന്ത്രി