li
എ.ബി.സി വർക്കേഴ്സ് യൂണിയൻ അംഗങ്ങളായ നായ പിടിത്തക്കാർ

# കൂലി​ക്കാര്യത്തി​ൽ അധി​കൃതരുടെ വി​ലപേശൽ അവഹേളനം

ആലപ്പുഴ: 'ജീവൻ പണയപ്പെടുത്തിയാണ് നായ്ക്കളെ പിടിക്കുന്നത്. എന്നിട്ടും ജോലിക്കൂലിയുടെ പേരിൽ അധികൃതർ വിലപേശുകയാണ്. ഒരു നായയെ പിടിക്കാൻ നൂറ് രൂപ നൽകാമെന്നാണ് വാഗ്ദാനം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നായപിടിത്തം സൗജന്യമായി ചെയ്യാൻ പോലും ഞങ്ങൾ തയ്യാറാകും. പക്ഷേ ഞങ്ങളുടെ ജോലിയെ താഴ്ത്തിക്കെട്ടുകയും കൂടിയാലോചന നടത്താതെ ഒഴിവാക്കുകയും ചെയ്യുന്ന സമീപനം അധികൃതർ തിരുത്തണം'... സംസ്ഥാനത്തെ മുന്നൂറോളം നായ പിടിത്തക്കാരുടെ പ്രതിനിധിയായി സംസാരിക്കുകയാണ് എ.ബി.സി വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സജീവ് കുമാർ.

വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഒരിക്കൽ പോലും, വന്ധ്യംകരണ ജോലിയിൽ ഏറ്റവും താഴേത്തട്ടിൽ പ്രവർത്തിക്കുന്ന നായ പിടിത്തക്കാരുമായി കൂടിയാലോചന നടത്താൻ തയ്യാറായിട്ടില്ലെന്നാണ് സംഘടനയുടെ പ്രധാന പരാതി. ലോക്ക് ഡൗൺ കാലത്താണ് കേരളത്തിൽ അവസാനമായി നായ്ക്കളിൽ വന്ധ്യംകരണം നടത്തിയത്. ശേഷം മൂന്ന് തലമുറകൾ കൂടിയായി. മുമ്പ് വന്ധ്യംകരണത്തിന് പിടികൂടുന്ന നായയ്ക്ക് വാക്സിൻ കൂടി നൽകിയാണ് വിട്ടിരുന്നത്. അതിനാൽ കടിയേറ്റാൽ പോലും പേ പിടിക്കാനുള്ള സാദ്ധ്യത തീരെ കുറവായിരുന്നു.

വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചതോടെ അധികൃതർ വീണ്ടും നായ പിടിത്തക്കാരെ സമീപിച്ചുതുടങ്ങി. മറ്റ് ജില്ലകളിൽ മാന്യമായ കൂലി കിട്ടുമ്പോൾ ആലപ്പുഴയിലെ പല തദ്ദേശ സ്ഥാപനങ്ങളും കബളിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

# നഗരസഭയിൽ വന്ധ്യംകരണം ഉടൻ

നായ പിടിത്തക്കാരെ ഉപയോഗിച്ച് നായ്ക്കളെ പിടിച്ച ശേഷം വെറ്ററിനറി ഡോക്ടറെ നിയോഗിച്ച് വന്ധ്യംകരണം നടത്താമെന്ന പുതിയ സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നഗരസഭാ പരിധിയിൽ അധികം വൈകാതെ വന്ധ്യംകരണം ആരംഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു. 20ന് വാക്സിനേഷൻ ആരംഭിക്കും. ഇതിനൊപ്പമോ, ശേഷമോ വന്ധ്യംകരണം നടത്തും. നായ്ക്കളെ പാർപ്പിക്കാൻ പുതിയ ഷെൽട്ടർ ഹോമുകൾ പ്രായോഗികമല്ല. ആലോചന നടത്തിയപ്പോൾത്തന്നെ ജനവാസ കേന്ദ്രങ്ങളിൽ വലിയ എതിർപ്പാണുണ്ടായത്. വന്ധ്യംകരിക്കുന്ന നായ്ക്കളെ ബാപ്പു വൈദ്യർ ജംഗ്ഷനിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഷെൽട്ടർ ഹോമിൽ പാർപ്പിക്കാനാണ് ആലോചിക്കുന്നത്.

# ആശുപത്രി എവിടെ?

നായ്ക്കളെ വന്ധ്യംകരിക്കുന്ന ആശുപത്രിയിൽ എ.സി സംവിധാനം, പിടച്ചുകൊണ്ടുവരുമ്പോൾ ഇടാനും ശസ്ത്രക്രിയക്ക് ശേഷമിടാനും വ്യത്യസ്ത കൂടുകൾ, ഭക്ഷണത്തിന് അടുക്കള തുടങ്ങി വിവിധ നിർദ്ദേശങ്ങൾ ഇടക്കാലത്ത് വന്നിരുന്നു. നിർദ്ദേശങ്ങൾ പാലിക്കുന്ന ഒരു ആശുപത്രി പോലും കേരളത്തിലില്ല. അതിനാൽ നായ്ക്കളെ പെരുകാൻ അനുവദിക്കാതെ നായ പിടിത്തക്കാരെ പ്രയോജനപ്പെടുത്താനാണ് സർക്കാർ സംവിധാനങ്ങൾ പരിശ്രമിക്കേണ്ടതെന്ന് നാട്ടുകാർ പറയുന്നു.

.......................................

ജില്ലയിൽ ലൈസൻസുള്ള നായ പിടിത്തക്കാർ - 15

...........................................

നായ പിടിത്തക്കാർക്ക് യാതൊരും പരിരക്ഷയും അധികൃതർ നൽകുന്നില്ല. ഇത്ര അപകടരമായ ജോലിയെ താഴ്ത്തിക്കെട്ടുന്ന സമീപനം ഉപേക്ഷിക്കണം. മാന്യമായ വേതനം നൽകണം

സജീവ് കുമാർ, സംസ്ഥാന പ്രസിഡന്റ്, എ.ബി.സി വർക്കേഴ്സ് യൂണിയൻ