ആലപ്പുഴ : നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചു. കളർകോട് സിഗ്‌നലിനു സമീപം അഞ്ജലി ആഡിറ്റോറിയത്തിനു സമീപം ഉള്ള ബസ് സ്റ്റോപ്പുകൾ തെക്കോട്ട് മാറ്റുമെങ്കിലും ഇത് പുന്നപ്ര നോർത്ത് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതിനാൽ പഞ്ചായത്തിനെ അറിയിച്ച ശേഷമേ ക്രമീകരിക്കാൻ കഴിയുകയുള്ളൂ. കൊമ്മാടി ജംഗ്ഷനിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റിയതിനാൽ സിഗ്‌നലിന് തടസം വരാത്തതരത്തിൽ 15 മീറ്റർ വടക്കോട്ട് മാറ്റി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനും നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, എ.ഷാനവാസ്, ബീനരമേശ്, ബിന്ദുതോമസ്, ആർ.വിനിത, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.അനൂപ്, സൗത്ത് സ്റ്റേഷൻ എസ്.ഐ എ.പി.മധു, ട്രാഫിക് എസ്.ഐ എസ്.ഷാബു തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
ചങ്ങനാശേരി ജംഗ്ഷനിൽ നിന്ന് തെക്കോട്ട് പോകുന്ന കെ.എസ്.ആർ.ടി ബസുകൾ എസ്.ഡി കോളേജിനു മുൻവശത്ത് നിർത്തണം
 ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ വടക്കോട്ട് മാറി അംബിക സ്റ്റോഴ്‌സിനു എതിർവശത്ത് നിർത്തണം
 എസ്.ഡി കോളേജിനു മുൻവശം പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കും
 വലിയ ചുടുകാട് ജംഗ്ഷൻ വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് നിലവിലുള്ള ഭാഗത്തുനിന്നും തെക്കോട്ട് മാറ്റും
 അനന്തു മെഡിക്കൽസിന്റെ മുന്നിൽ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കും.
 തിരുവമ്പാടി ജംഗ്ഷനിൽ തെക്കുഭാഗത്തേക്ക് പോകുന്ന സ്റ്റേറ്റ് കാര്യേജ് ബസുകളുടെ സ്റ്റോപ് തെക്കോട്ട് മാറ്റി പുതിയ ഷെഡ് നിർമ്മിക്കും
 മണ്ണഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്നും എസ്.ഡി.വി സെന്റനറി ഹാളിനു മുൻ വശത്തേക്ക് മാറ്റി ബോർഡ് സ്ഥാപിച്ച് പുനക്രമീകരിക്കും
 ആലുക്കാസ് ജംഗ്ഷനു കിഴക്കുവശത്തുള്ള ബസ് സ്റ്റോപ്പ് തെക്കോട്ട് മാറ്റി മാതൃഭൂമി ഓഫീസിനു മുന്നിലാക്കും  കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും വരുന്ന ബസുകൾക്ക് ജംഗ്ഷനു മുമ്പ് കാനറ ബാങ്കിന്റെ മുൻവശത്താണ് സ്റ്റോപ്പ്.
കൈചൂണ്ടി ജംഗ്ഷനിൽ വടക്കോട്ട് പോകുവാനുള്ള ബസുകളുടെ സ്റ്റോപ് ബാബാസ് ബിൽഡിംഗിനു മുൻവശത്തേക്കും, തെക്കോട്ടുള്ള ബസുകളുടെ സ്റ്റോപ് ബെസ്റ്റ് ബേക്കറിക്ക് മുൻവശത്തേക്കും മാറ്റി പുതിയ വെയിംഗ് ഷെഡ് നിർമ്മിക്കും.
കല്ലുപാലത്തിന് തെക്കുവശം പടിഞ്ഞാറോട്ടുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ മാറ്റി കേരള ബാങ്ക് കെട്ടിടത്തിനു മുൻവശത്താക്കും. ഇരുമ്പുപാലം തെക്കേകരയിലുള്ള സ്റ്റോപ്പ് കിഴക്കോട്ട് സിൽവർ ഫ്രെയിം എംപോറിയത്തിന് സമീപത്തേക്ക് മാറ്റും.
സക്കറിയ ബസാർ ജംഗ്ഷനിലെ സ്റ്റോപ്പ് 50 മീറ്റർ കിഴക്ക് ലജനത്തുൽ മുഹമ്മദിയ ഷോപ്പിംഗ് കോംപ്ലക്‌സിനു എതിർവശത്തേക്ക് മാറ്റും