അരൂർ: കാൽ നൂറ്റാണ്ടിലേറെക്കാലമായി ഭാഗവത സപ്താഹ വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന യജ്ഞാചാര്യൻ അരുർ നാരായണീയം കെ.കെ.വിജയൻ അനുസ്മരണവും കുടുംബ സഹായനിധിയുടെ ഉദ്ഘാടനവും നാളെ ചന്തിരൂർ കുമർത്തുപടി ക്ഷേത്ര മൈതാനിയിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി രജീഷ് വാസുദേവ് അദ്ധ്യക്ഷനാകും. കുടുംബ സഹായനിധിയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പിയും സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം മുൻ ദേവസ്വംബോർഡ് അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ അജയ് തറയിലും നിർവഹിക്കും. ദെലീമ ജോജോ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ആദ്ധ്യാത്മിക സന്ദേശം നൽകും. സംഘാടക സമിതി കൺവീനർ പി.വി.നടേശൻ സ്വാഗതവും, ജോയിന്റ് കൺവീനർ ആർ.പ്രകാശൻ നന്ദിയും പറയും.