ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിലൂടെ കടന്നുപോകുന്ന 17,18,19,20 തീയതികളിൽ കർശന ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ യാത്ര പരമാവധി ക്രമപ്പെടുത്തണം.ദേശീയ പാതയുടെ ഇരുവശങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.
നിയന്ത്രണങ്ങൾ
തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്ന ട്രെയിലർ, കണ്ടെയ്‌നർ ലോറികൾ, ടാങ്കർ ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്നും തിരിഞ്ഞ് എം.സി റോഡ് വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്ന ട്രെയിലർ, കണ്ടെയ്‌നർ ലോറികൾ, ടാങ്കർ ലോറികൾ എന്നിവ തൃപ്പുണിത്തുറ വഴി പോകണം.
ഇന്ന്
രാവിലെ ആറു മണിമുതൽ ആലപ്പുഴയിൽ നിന്നും കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ലിങ്ക് റോഡ് വഴി കെ.പി. റോഡിൽ പ്രവേശിച്ച് ചാരുംമൂട് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകണം
നാളെ
രാവിലെ ആറു മണി മുതൽ ആലപ്പുഴയിൽ നിന്നും കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അമ്പലപ്പുഴ പൊടിയാടി റോഡ് വഴി പോകണം. ചെറിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല ജംഗഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തട്ടാരമ്പലം, മാവേലിക്കര വഴി പോകണം. കൊല്ലം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പണിക്കരുകടവ്, അഴീക്കൽ, വലിയഴീക്കൽ പാലം വഴി തോട്ടപ്പള്ളി എത്തി ദേശീയ പാതയിൽ കയറണം യാത്ര തുടരാം.
18ന്
രാവിലെ ആറു മുതൽ ആലപ്പുഴയിൽ നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അമ്പലപ്പുഴ- പൊടിയാടി റോഡ് വഴി പോകണം. കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ജാഥ ഹരിപ്പാട് മാധവ ജംഗ്ഷൻ കടന്ന് പോയതിന് ശേഷം മാധവ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വീയപുരം, അമ്പലപ്പുഴ കച്ചേരി ജംഗ്ഷൻ വഴി പോകണം. പദയാത്ര വിശ്രമ സ്ഥലത്ത് എത്തുന്ന മുറയ്ക്ക് ദേശീയപാതയിൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കും.