 
മാന്നാർ : പമ്പാ നദിക്ക് കുറുകെ ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരുമല പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് അപകടം പതിവായിട്ടും പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന്റെ കിഴക്കേക്കരയിൽ വടക്കുഭാഗത്ത് പാലത്തിനോട് ചേർന്ന് അപ്രോച്ച് റോഡിന്റെ ഭാഗം ഒരുമാസം മുമ്പ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടപ്പോൾ മെറ്റലും മണലും ഉപയോഗിച്ച് താൽക്കാലികമായി മൂടിയിരുന്നു. തൊട്ടടുത്ത ദിവസം പണി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
താത്കാലികമായി കുഴി മൂടിയ ഭാഗം തുടർച്ചയായ മഴയിൽ വീണ്ടും താഴുകയും മെറ്റലുകൾ ഇളകി അപകടകരമായ രീതിയിൽ ചിതറിക്കിടക്കുകയും ചെയ്തു. മാന്നാറിൽ നിന്ന് പരുമലയിലേക്ക് എത്തുന്ന ഇരുചക്രവാഹനങ്ങൾ പാലവും അപ്രോച്ച് റോഡും തമ്മിലുള്ള ഉയരവ്യത്യാസം അറിയാതെ നിലംപതിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ നിരണത്തുള്ള മകളുടെ വീട്ടിൽ പോയി വന്ന ചെങ്ങന്നൂർ ആറാട്ടുപുഴ കുറ്റിക്കാട്ട് കിഴക്കേതിൽ വർഗീസും ഭാര്യ റെയ്ച്ചലും സഞ്ചരിച്ച സ്കൂട്ടർ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. സമീപം ചായക്കട നടത്തുന്ന കെ.എം മുസ്തഫയും (മണി) ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീമും ചേർന്നാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. കാൽമുട്ടുകൾക്ക് പരിക്കേറ്റ വർഗീസിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു. നിരവധി തീർത്ഥാടകരെത്തുന്ന പരുമല പള്ളി, പനയന്നാർകാവ് ദേവിക്ഷേത്രം, നൂറുകണക്കിന് രോഗികളെത്തുന്ന സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, ദേവസ്വം ബോർഡ് പമ്പാ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായ പരുമല പാലത്തിലെ അപകടങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണണം
- നാട്ടുകാർ