ആലപ്പുഴ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാക്ഷരതാ മിഷൻ ആരംഭിക്കുന്ന ന്യു ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി പി. പ്രസാദ്, എം.പിമാരായ എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ജില്ലയിലെ എം.എൽ.എ.മാരും രക്ഷാധികാരികളാകും. കളക്ടർ വി.ആർ.കൃഷ്ണ തേജയാണ് സമിതിയുടെ ചീഫ് കോ-ഓർഡിനേറ്റർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചെയർപേഴ്‌സണാകും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, ജില്ലാ സാക്ഷരതാ സമിതിയംഗങ്ങളായ പി.ജ്യോതിസ്, ടി.തിലകരാജ്, വിശ്വൻ പടനിലം എന്നിവർ സംസാരിച്ചു. ജില്ലാ കോ ഓർഡിനേറ്റർ കെ.വി.രതീഷ് പദ്ധതി വിശദീകരിച്ചു. അസി.കോ ഓർഡിനേറ്റർ ആർ.സിംല സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് നന്ദിയും പറഞ്ഞു. ജില്ലയിൽ അവശേഷിക്കുന്ന മുഴുവൻ നിരക്ഷരരെയും പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കും. ഒന്നാം ഘട്ടത്തിൽ 5000 പേരെ സാക്ഷരരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിൽ നടത്തുന്ന പരിപാടി സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ ജനകീയ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തിക്കുക. 30 ന് മുമ്പ് നഗരസഭ/ ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കും.