
മാവേലിക്കര: ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേത്തുണ്ടത്ത് സ്കൈ ലാൻഡ് എന്ന പേരിൽ ഓൺലൈൻ ജനസേവാ കേന്ദ്രം നടത്തുന്ന ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഉത്രാടം വീട്ടിൽ ബിന്ദു (43), കൊയ്പ്പള്ളികാരാഴ്മ സന്തോഷ് നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര പല്ലാരിമംഗലം മങ്ങാട്ട് വീട്ടിൽ സന്തോഷ് കുമാർ (52) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ബിന്ദു നടത്തുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിലാണ് നിയമന ഉത്തരവുകൾ വ്യാജമായി നിർമ്മിച്ചത്. സന്തോഷ് ഇടപാടിൽ സബ് ഏജന്റായി പ്രവർത്തിച്ചിരുന്നു. മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജനെതിരെ (32) 41 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നു കോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തു വന്നതെന്നും പൊലീസ് പറഞ്ഞു.
റിമാൻഡിലുള്ള വിനീഷിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മാവേലിക്കര സ്റ്റേഷനിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കുടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. കഴിഞ്ഞ 24ന് വിനീഷ് രാജന്റെ, കടവൂർകുളത്തിന് സമീപമുള്ള സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് എന്ന വ്യാജ തിരിച്ചറിയൽ കാർഡും വ്യാജ രേഖകളും 13 കുപ്പി (9.75 ലിറ്റർ) വിദേശ മദ്യവും ഡ്രഗ്സ് ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മൃഗങ്ങൾക്കുള്ള വിവിധ മരുന്നുകളും പിടിച്ചെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ചെട്ടികുളങ്ങര കടവൂർ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി.അരുൺ (24), കണ്ണമംഗലം വടക്ക് മാങ്കോണത്ത് അനീഷ് (24) എന്നിവരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. വിനീഷ് രാജ് പിന്നീട് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്കോടതിയിൽ കീഴടങ്ങുകയായിരുന്നു.