മാന്നാർ: കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ് യു.എം.ഹനീഫ് മുസ്ലിയാരുടെ അപ്രതീക്ഷിത വിയോഗം മാന്നാറിനെയും ദുഃഖത്തിലാഴ്ത്തി. മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കുരട്ടിക്കാട് മസ്ജിദിൽ ദീർഘകാലം സേവനം ചെയ്യുകയും നാടിന്റെ ആത്മീയ ഉണർവിനും വളർച്ചക്കും ഏറെ പ്രയത്നിക്കുകയും ചെയ്തിരുന്ന മഹത് വ്യക്തിത്വമായിരുന്നു മാന്നാറുകാരുടെ ഹനീഫ ഉസ്താദ്. ഹരിപ്പാട് ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ ഇമാമായിരുന്ന താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു. എം. ഹനീഫാ മുസ്ലിയാർ(55)ഇന്നലെ വൈകിട്ട് 6.40ന് നടന്ന മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഡാണാപ്പടി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെക്കൻ കേരളത്തിലെ ആത്മീയ മജിലിസിന്റെ സ്ഥാപകനായിരുന്ന മർഹും ഇ.കെ ദാരിമി ഉസ്താദിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്ന ഇദ്ദേഹം, ദിക്റ് ഹൽഖകകളിലൂടെ യുവാക്കളെ ആത്മീയ വീഥിയിലേക്ക് നടത്തിക്കുകയും മാന്നാറിലും ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തും വെളിച്ചവും പകർന്നു നൽകിയിരുന്നു. 2009- 2019 വരെ എസ്.വൈ .എസ് ഹരിപ്പാട് സോൺ പ്രസിഡന്റായും തുടർന്ന് 3വർഷക്കാലം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 2012 മുതൽ താജുൽ ഉലമ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. നിലവിൽ കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റായിരുന്നു. കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാർത്തികപ്പള്ളി റെയ്ഞ്ച് സിനാൻ സെക്രട്ടറിയുമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9.30 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ .ഭാര്യ: ലൈല. മക്കൾ : മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി.