
ചാരുംമൂട്: തർക്കം നിലനിൽക്കുന്ന സ്ഥലത്തു കൂടി വാഹനം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ കല്ലേറിലും മർദ്ദനത്തിലും പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. ചാരുംമൂട് സ്റ്റാൻഡിലെ ഡ്രൈവർ ചുനക്കര തെക്ക് പാണംപറമ്പിൽ ദിലീപ്ഖാൻ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ദിലീപിന്റെ അയൽ വീട്ടിൽ നിന്നു പന്തളത്തുള്ള ബന്ധുവീട്ടിലേജ് ഫർണീച്ചർ കൊണ്ടുപോകാൻ ടെമ്പോ വാനിൽ ബന്ധുക്കൾ എത്തിയിരുന്നു. ഇവിടെ വാഹനം തിരിക്കുന്നതിനെ ചൊല്ലി വാഹനത്തിൽ വന്നവരും ദിലീപ് ഖാനുമായി തർക്കമുണ്ടായി. തുടർന്ന് കല്ലേറും കല്ലുകൊണ്ടുള്ള അക്രമവും നടന്നതായി പറയുന്നു. നെഞ്ചിന് പരിക്കേറ്റ ദിലീപിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ കല്ലു കൊണ്ടുള്ള മർദ്ദനം ഏറ്റെന്നാണ് പൊലീസിന് ലഭിച്ച വിവരം. സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അൻസിയാണ് ദിലീപിന്റെ ഭാര്യ. ഒന്നര വയസുള്ള മുഹമ്മദ് അൻവർഖാൻ ഏക മകൻ.