t
t

# ബീച്ചി​ലെത്താൻ സഞ്ചാരി​കൾ ഭയക്കുന്നു

ആലപ്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ, മരാരി​ക്കുളത്തെ മാരാരി ബീച്ചിലെ ടൂറിസത്തെ തെരുവുനായ്ക്കൾ 'കടിച്ചു'കീറുന്നു. മൂന്ന് മാസത്തിനിടെ ബീച്ചിൽ നായയുടെ കടിയേറ്റവരിൽ സുപ്രീം കോടതി അഭിഭാഷകയും വിദേശികളും ഉൾപ്പെടുന്നു.

റിസോർട്ടുകളിലെ താമസത്തിനിടെ പുലർകാല വ്യായാമത്തിന് ബീച്ചി​ലെത്തി​യവരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇക്കാരണത്താൽ റിസോർട്ടുകളിലെത്താൻ സഞ്ചാരികൾ മടിക്കുകയാണ്. 27ന് ലോക ടൂറിസം ദിനാചരണത്തോടെ പുതി​യ ടൂറിസം സീസൺ ആരംഭിക്കും. ഈ പശ്ചാത്തലത്തിലെങ്കിലും രൂക്ഷമായ നായശല്യത്തിന് പരിഹാരം വേണമെന്നാണ് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ആവശ്യപ്പെടുന്നത്. വിവിധ റിസോർട്ടുകളുടെ നിർമ്മാണത്തിന് വേണ്ടി റിയൽ എസ്റ്റേറ്റ് ഇടപാടുകാർ വാങ്ങിയിട്ട സ്ഥലങ്ങൾ തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ നിർമ്മാണം നടക്കാതെ കാടുപിടിച്ച് കിടക്കുന്നുണ്ട്. ഈ ഭാഗങ്ങളിലാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത്. വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ കാമറ നിരീക്ഷണങ്ങളില്ലാത്ത മാരാരി ബീച്ച് പ്രദേശത്ത് ഉപേക്ഷിക്കുന്നതും പതിവാണെന്ന് മുൻ പഞ്ചായത്തംഗം ഇ.വി.രാജു ഈരേശ്ശേരിൽ പറഞ്ഞു.

# മത്സ്യത്തൊഴിലാളികളും ഭീതിയിൽ

മാരാരിക്കുളം തീരത്തുനിന്ന് കടലിൽ പോകുന്ന തൊഴിലാളികൾക്കും തെരുവുനായ്ക്കൾ കടുത്ത ഭീഷണിയാണ്. പുലർച്ചെ മൂന്നിനാണ് വള്ളമിറക്കുന്നത്. ഈ സമയം നായ്ക്കൾ കൂട്ടത്തോടെ കുറ്റിക്കാട്ടിൽ നിന്ന് ചാടിയെത്തും. വള്ളം തീരമടുക്കുമ്പോഴും ഇതുതന്നെ അവസ്ഥ. ബീച്ച് സന്ദർശിക്കാനെത്തുന്നവർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനും കൂട്ടമായാണ് എത്തുന്നത്. സന്ധ്യയായാൽ പ്രദേശം ഇരുട്ടിലാവുന്നതും നിരീക്ഷണ കാമറകളില്ലാത്തതും നായ്ക്കൾക്കും വന്ധ്യംകരിച്ച നായ്ക്കളെ ഉപേക്ഷിക്കാൻ എത്തുന്നവർക്കും തുണയാവുകയാണ്.

വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ പിടിക്കുന്ന അതേ സ്ഥലത്ത് തന്നെ വിടണമെന്നാണ് നിയമം. എന്നാൽ ഇവയെ മാരാരിക്കുളം ബീച്ചിൽ ഇറക്കിയിട്ട് പോകുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ബീച്ച് സുരക്ഷിതമല്ലെന്ന് കണ്ടാൽ ഇവിടേക്ക് സഞ്ചാരികളെത്താത്ത സ്ഥിതിയുണ്ടാവും

ഇ.വി.രാജു ഈരേശ്ശേരിൽ, കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി കേരള (ഹാറ്റ്‌സ്) ജില്ലാ സെക്രട്ടറി