a
ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനം: 108ാ വാർഷികം നാളെ

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 108-ാംമത് വാർഷികദിനം എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ ആഘോഷിക്കുന്നു. വാർഷികദിനത്തോടനുബന്ധിച്ച് പുണ്യ പാറയ്ക്കലിനെ ചെങ്ങന്നൂർ യൂണിയന്റെ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കും. 1914 ൽ കൊല്ലവർഷം 1090 കന്നി 2ാം തീയതി ചെങ്ങന്നൂരിൽ നിന്നും മെഴുവേലിക്കുള്ള യാത്രാമദ്ധ്യേ ശ്രീനാരായണ ഗുരുദേവൻ മുളക്കുഴ പഞ്ചായത്തിൽപ്പെട്ട പാറയ്ക്കലിൽ സ്ഥിതി ചെയ്യുന്ന അരയാൽമര ചുവട്ടിൽ വിശ്രമിച്ചു. കലശലായ ദാഹത്തെ തുടർന്ന് തൊട്ടരികിലുള്ള കുളക്കരയിലെ ഒരു പാറകല്ല് എടുത്ത്മാറ്റി നീരുറവ സൃഷ്ടിച്ച് അതിൽ നിന്ന് ദാഹശമനം തീർത്തു. അതിനു ശേഷം വറ്റാത്ത തെളിനീർ ഉറവയായി നിലനിൽക്കുന്നത് ഏവരും അത്ഭുതപരമായി കാണുന്നു. ഇതുവഴി കടന്നുപോകുന്ന ശിവഗിരിതീർത്ഥാടകരും ഗുരുദേവഭക്തരും ഈ നീരുറവയിലെ ഔഷധഗുണമുള്ള വെള്ളം ശേഖരിച്ചു കൊണ്ടുപോകുന്നു. ഈ ജലം പാനം ചെയ്താൽ രോഗശാന്തി ഉണ്ടാകുന്നു എന്നതാണ് ഗുരുദേവഭക്തരുടെ വിശ്വാസം. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 3218ാം നമ്പർ പാറയ്ക്കൽ ശാഖാ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച പാറയ്ക്കൽ ശ്രീനാരായണധർമ്മ സേവാസംഘം പുണ്യതീർത്ഥ മണ്ഡപം സ്ഥാപിച്ച് ഈ നീരുറവയേയും അവിടെയുള്ള കുളത്തെയും സംരക്ഷിക്കുന്നു.നാളെ രാവിലെ 10 ന് വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പുണ്യതീർത്ഥ കുളക്കരയിൽ സമൂഹപ്രാർത്ഥനയും ഗുരു വിശ്രമിച്ച അരയാൽചുവട്ടിൽ കൽവിളക്ക് സ്ഥാപിക്കുകയും ചെയ്യും. ഇതിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗം കെ.ആർ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം പാറയ്ക്കലിനെ യൂണിയന്റെ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ശ്രീനാരായണ ധർമ്മസേവാസംഘം വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി പി.എൻ.വിജയൻ, ഗിരിജിത്ത്, വൈദികയോഗം പ്രസിഡന്റ് സൈജു.പി.സോമൻ, സെക്രട്ടറി കെ.വി.ജയദേവൻ എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് ബാബുജി സ്വാഗതവും സെക്രട്ടറി എൻ.മോഹനൻ നന്ദിയും പറയും.

ഫോട്ടോ അടിക്കുറിപ്പ്
ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച പാറയ്ക്കലിലെ പുണ്യതീർത്ഥ മണ്ഡപം