ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷൻ നേതൃത്വത്തിലുള്ള സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ ആലപ്പി ഷെല്ലേഴ്‌സ് സ്വച്ഛതാ ലീഗ് എന്ന പേരിൽ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 4ന് ആലപ്പുഴ ബീച്ചിൽ വിപുലമായ ശുചിത്വ സന്ദേശ മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിക്കും. അഡ്വ.എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം അടക്കമുള്ള ജനപ്രതിനിധികൾ ശുചിത്വ മനുഷ്യചങ്ങലയിൽ കണ്ണികളാകും.

ബീച്ചിൽ വിജയ് പാർക്ക് മുതൽ തെക്കോട്ട് സംഘടിപ്പിക്കുന്ന ചങ്ങലയിലും ശുചിത്വ സന്ദേശ റാലിയിലും നഗരത്തിലെ വിവിധ സ്‌കൂൾ കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ - യുവജനസംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ അണിനിരക്കും. പരിപാടിയുടെ പ്രചരണാർത്ഥം ബീച്ചിൽ രാജേഷ് പാട്ടുകളം, ടി.ബി. ഉദയൻ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശം പകരുന്ന ബൃഹത് മണൽ ശില്പം ഒരുക്കുമെന്നും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ് എന്നിവർ അറിയിച്ചു.