
അമ്പലപ്പുഴ: സ്കൂട്ടറിൽ മകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു നേരെ പാഞ്ഞടുത്ത തെരുവുനായ്ക്കളെ കണ്ട് ഭയന്ന് വണ്ടിമറിഞ്ഞ് മൂന്നു പേർക്കും പരിക്ക്. കരുമാടി അഞ്ചിൽച്ചിറ വീട്ടിൽ മാത്യു ജയിംസ് (54- ജിമ്മിച്ചൻ), ഭാര്യ ജാൻസി പീറ്റർ (51), മകൾ ആൻസി മരിയ (12) എന്നിവർക്കാണ് പരിക്കേറ്റത്. ജാൻസി പീറ്ററിന്റെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങി. മാത്യു ജയിംസിനും ആൻസി മരിയക്കും ദേഹമാസകലം മുറിവേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.45ന് അമ്പലപ്പുഴ കിഴക്കേ നടയിലായിരുന്നു സംഭവം. കലവൂരിൽ നിന്നു കരുമാടിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്ന ഇവരുടെ നേർക്ക് 2 നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന മാത്യു ജയിംസ് ഭയന്നതോടെ നിയന്ത്രണംവിട്ട് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ അതുവഴി വന്ന കാറിൽ ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.