ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിൽ തെക്കനോടി വിഭാഗത്തിൽ ആലപ്പുഴ നഗരസഭയിലെ ഹരിതകർമ്മസേന ടീം തുഴഞ്ഞ ദേവസ് വള്ളത്തെ തോൽപ്പിക്കാനും വള്ളം മുക്കി തുഴക്കാരായ സ്ത്രീകളെ അപായപ്പെടുത്താനും നടന്ന ശ്രമത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടർ, ജില്ലാ പൊലീസ് മേധാവി, സബ്കളക്ടർ, ഡിവൈ.എസ്.പി എന്നിവർക്ക് വീണ്ടും പരാതി നൽകി.

ഫൈനലിൽ വള്ളപ്പാട് മുന്നിൽ നിൽക്കുമ്പോൾ അമരം കാത്തവർ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് ആക്ഷേപം. അമരക്കാരായ ഷിബു, അജയഘോഷ്, സുനിൽകുമാർ എന്നിവരാണ് കായലിൽ ചാടിയത്. നിലക്കാരനായി നിന്നയാൾക്കും ഗൂഢാലോചനയിൽ പങ്കുള്ളതായി സേന സംശയിക്കുന്നു. അമരക്കാർ ഗൂഢാലോചനയുടെ ഭാഗമാകുകയോ, കൈക്കൂലി പണം പറ്റുകയോ ചെയ്തിട്ടുണ്ടന്ന് കാട്ടിയാണ് വള്ളത്തിന്റെ ക്യാപ്ടനായ നഗരസഭ ചെയർപെഴ്സൺ സൗമ്യരാജ്, വൈസ് ക്യാപ്ടൻ ബീന രമേശ് എന്നിവർ കളക്ടർ, സബ് കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങളും പരാതിയോടൊപ്പം കൈമാറി.