 
ആലപ്പുഴ: ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ആലപ്പുഴയിൽ സബ് കളക്ടറായിരിക്കെ പ്രളയ പുനരധിവാസത്തിനായി 2018ൽ തുടക്കമിട്ട ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസിന് ആധുനിക പഠനോപാധിയായ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ നൽകിയാണ് രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കളക്ടർ വി.ആർ.കൃഷ്ണ തേജ മുഖ്യാതിഥിയായി. ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സംഭാവനയായി നൽകിയ രാമചന്ദ്രാ ടെക്സ്റ്റൈൽസ് സി.ഇ.ഒ എം.മനോജ് കുമാറിനെ എം.എൽ.എ ആദരിച്ചു.
ഫോർ കെ റെസല്യൂഷനും 65 ഇഞ്ച് സ്‌ക്രീൻ വലിപ്പവുമുള്ള ഇന്ററാക്ടീവ് ഫ്ലാറ്റ് പാനലിന് മൂന്നര ലക്ഷം രൂപ വില വരും. സാധാരണ പ്രൊജക്ടർ സംവിധാനങ്ങളെ അപേക്ഷിച്ച് വെളിച്ചമുള്ള ക്ലാസ് മുറികളിലും ഇത് ഉപയോഗിക്കാനാകും. പബ്ലിക് അഡ്രസിംഗ് സിസ്റ്റം, കണ്ണുകൾക്ക് സുരക്ഷിതമായ ഉപയോഗ രീതി തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്.
സ്‌കൂൾ മാനേജർ എം.ടി.മധു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, സ്‌കൂൾ പ്രിൻസിപ്പൽ ഇ.പി.സതീശൻ, പി.ടി.എ പ്രസിഡന്റ് ബി.ഹരിദാസ്, ഹെഡ്മിസ്ട്രസ് കെ.സി.ചന്ദ്രിക, പഞ്ചായത്ത് അംഗം അഡ്വ.ജിനു രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.