ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് 'സീ കുട്ടനാടി'ന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി ആന്റണി രാജു നിർവഹിക്കും. ജലഗതാഗത വകുപ്പ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എംആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.

1.90 കോടി ചെലവിൽ ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി ഐ.ആർ.എസ് ക്ലാസിൽ നിർമ്മിച്ച ബോട്ടിൽ ഒരേ സമയം 90 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന സർവീസാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്നുള്ള നാടൻ ലഘു ഭക്ഷണങ്ങൾ ബോട്ടിൽ ലഭ്യമാക്കും. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നു പുറപ്പെട്ട് പുന്നമട, വേമ്പനാട് കായൽ വഴി കൈനകരി റോഡ് മുക്കിൽ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയിൽ തിരിച്ചെത്തും വിധമാണ് സർവീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ വി.ആർ.കൃഷ്ണ തേജ, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, സൂപ്രണ്ട് സുജിത്ത് തുടങ്ങിയവർ പങ്കെടുക്കും.