# ജില്ലയിൽ 4 ദിവസത്തെ പര്യടനം
ആലപ്പുഴ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിൽ ഇന്നു മുതൽ നാലു ദിവസം പര്യടനം നടത്തും. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് രാവിലെ 8.30ന് യാത്രയെ സ്വീകരിക്കും. തുർന്ന് പദയാത്രയായി 10ന് കായംകുളം ജി.ഡി.എം ഗ്രൗണ്ടിലെത്തും.
ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി രാഹുൽഗാന്ധി ആശയവിനിമയം നടത്തും. വൈകിട്ട് നാലിന് കായംകുളത്ത് നിന്നാരംഭിച്ച് നങ്ങ്യാർകുളങ്ങര എൻ.ടി.പി.സി ജംഗ്ഷനിൽ പദയാത്ര സമാപിക്കും. എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നാളെ രാവിലെ ഏഴിന് ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നു യാത്ര പുനരാരംഭിക്കും. രാവിലെ 10ന് തോട്ടപ്പള്ളി ഒറ്റപ്പന ജംഗ്ഷനിൽ എത്തിച്ചേരും. രണ്ട് മുതൽ 3.30വരെ കാർഷിക മേഖലയുമായിലുള്ളവരുമായി ആശയ വിനിമയം. നാലിന് പുനരാരംഭിച്ച് ഏഴിന് വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ സമാപിക്കും.
19ന് രാവിലെ ഏഴിന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് മുൻവശത്തു നിന്നു തുടങ്ങി ദേശീയപാതയിലൂടെ ജനറൽ ആശുപത്രി ജംഗ്ഷൻ, കളക്ടറേറ്റ്, കോൺവെന്റ് സ്‌ക്വയർ, ശവക്കോട്ടപ്പാലം വഴി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ എത്തും. ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ മത്സ്യമേഖലയിലുള്ളവരുമായി രാഹുൽ സംവദിക്കും. നാലിന് പുനരാരംഭിക്കുന്ന യാത്ര കണിച്ചുകുളങ്ങരയിൽ സമാപിക്കും. സെന്റ് മൈക്കിൾസ് കോളേജിൽ വിശ്രമം.
20ന് രാവിലെ ഏഴിന് ചേർത്തല എക്‌സ്‌റേ കവലയിൽ നിന്നു തുടങ്ങി 12ന് കുത്തിയതോട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എത്തും. രണ്ട് മുതൽ 3.30വരെ തുറവൂരിൽ കയർ മേഖലയുള്ളവരുമായി ആശയവിനിമയം. നാലിന് ആരംഭിക്കുന്ന യാത്ര അരൂർ പള്ളിയുടെ വടക്കേ അതിർത്തിയിൽ സമാപിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകരും ജില്ലയിലെ സ്വീകരണ പരിപാടിയിൽ അണിചേരും.