ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത രാജ്യത്തെ രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. യാത്രയുടെ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തിയുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര - സംസ്ഥാന സർക്കാരുകളെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. ഭരണ നേട്ടത്തിന്റെ ഗ്രാഫ് താഴോട്ടാണ്. നേട്ടങ്ങൾ പറയാനില്ലാതാകുമ്പോൾ വിവാദങ്ങളുണ്ടാക്കുന്നു. ജനങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികൾക്ക് ഫുൾ സ്‌റ്റോപ്പിട്ടു. ആരോഗ്യ - ക്രമസമാധാന മേഖലകളിൽ ഇരു സർക്കാരുകളും പരാജയമായി. വിലക്കയറ്റം രൂക്ഷമായി. സാമ്പത്തികമായി രാജ്യം ക്ഷീണിക്കുകയും ചെയ്‌തു. കേരളത്തിന്റെ ധനസ്ഥിതി മറച്ചുവച്ച് ധനമന്ത്രി നുണ പറയുകയാണെന്നും താരിഖ് അൻവർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.