ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഭരണകക്ഷിയിൽപ്പെട്ട, നഗരത്തിലെ പ്രാദേശിക നേതാവ് അഞ്ചുലക്ഷം വാങ്ങിയെന്ന് ആരോപണം. ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്. ചില നേതാക്കൾ ഇടപെട്ടതോടെ, പണം ഘട്ടംഘട്ടമായി തിരികെ നൽകാമെന്ന വ്യവസ്ഥയിൽ പരാതി ഒതുക്കിയെന്നും അറിയുന്നു.
നഗരപരിധിയിലെ കരുവമേഖലയിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പു ലളിതമാക്കി നേതാവിന രക്ഷിക്കാൻ ശ്രമിച്ചത് നീതികേടാണെന്നും ഇതു പാർട്ടിയിൽ ചർച്ചയാക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ദേവസ്വം ബോർഡിലെ നിയമനത്തട്ടിപ്പ് സംസ്ഥാനതലത്തിൽ ചർച്ചയായതോടെ പാർട്ടി ഏരിയ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുന്നവരെ സംരക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം.