മാവേലിക്കര​ : വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലത്തിൽ കർമപദ്ധതികൾക്ക് തുടക്കമിട്ട് ആലോചനായോഗം ചേർന്നു. ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിൽ ഒന്ന് മാവേലിക്കരയാണ്. തീവ്ര വാക്സിനേഷൻ യജ്ഞം, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള അഭയ കേന്ദ്രങ്ങൾ സജ്ജമാക്കൽ, ശുചിത്വ യജ്ഞം, ഐ.ഇ.സി ക്യാമ്പയിൻ എന്നീ നാലു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ ആമ്രണത്തിൽ ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്. മണ്ഡലത്തിലെ ഹോട്ട് സ്‌പോട്ട് താമരക്കുളത്താണ്. ഏറ്റവും കൂടുതൽ വളർത്തു മൃഗങ്ങൾ തെരുവു നായ്ക്കളുടെ ആക്രണത്തിനിരയായതും ഇവിടെയാണ്. മണ്ഡലത്തിൽ എ.ബി.സി കേന്ദ്രം നിലവിൽ ഉണ്ടെങ്കിലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് 28 നുള്ളിൽ വാക്സിനേഷൻ നടത്തുക, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തെരുവുനായ്ക്കളെ അധിവസിപ്പിക്കാൻ പര്യാപ്തമായ ഷെൽട്ടറുകൾ തുറക്കുക, മൃസ്‌നേഹികളുടെ യോഗം അടിയന്തരമായി വിളിച്ചുകൂട്ടുക എന്നീ തീരുമാനങ്ങൾ ആദ്യ ഘട്ടത്തിൽ നടപ്പാക്കണമെന്ന് എം.എൽ.എ പറഞ്ഞു. ഒക്ടോബർ ആദ്യവാരം അടുത്ത യോഗം വിളിച്ചു ചേർക്കും.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരാദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ അശോകൻ, മനോജ് കമ്പനിവിള, വെറ്റിനറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്തോഷ്, ഡോക്ടർമാരായ സായി പ്രസാദ്, പ്രിയ, ലക്ഷ്മി, ഡാനിയേൽ കോശി, മഞ്ജു എന്നിവർ പങ്കെടുത്തു.