t

ആലപ്പുഴ: മാവേലി മടങ്ങിയിട്ടും റേഷൻ വ്യാപാരികളുടെ 'ഓണക്കാല' കാത്തിരിപ്പിന് അവസാനമില്ല. ഉത്സവബത്തയും കഴിഞ്ഞ മാസത്തെ കമ്മിഷൻ തുകയും എന്നു കിട്ടുമെന്നറിയാതെ വലയുകയാണ് വ്യാപാരികൾ.

അതത് മാസത്തെ വിതരണത്തിന്റെ വേതനം തൊട്ടടുത്ത മാസത്തെ ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നൽകാനാണ് സർക്കാർ നിർദ്ദേശം. പക്ഷേ ഇത് നിർദ്ദേശമായിത്തന്നെ അവശേഷിക്കുന്നു. ഓണക്കാലത്തെ കമ്മിഷൻ തുക അടുത്തമാസം അവസാന ദിവസങ്ങളിൽ ലഭിക്കുന്ന പതിവിന് വീപരീതമായി സെപ്തംബർ 5നകം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ഓണറേറിയം 1000 രൂപ ഉൾപ്പെടെയുള്ള ആഗസ്റ്റിലെ വേതനം ഓണത്തിന് മുമ്പ് നൽകുമെന്ന് അറിയിച്ചു. പക്ഷേ അതുണ്ടായില്ല.

ഓണത്തിന് വിതരണം ചെയ്ത സൗജ്യന്യ ഭക്ഷ്യക്കിറ്റിന് വിതരണക്കൂലിയും അനുവദിച്ചിട്ടില്ല. കിറ്റൊന്നിന് 5 രൂപ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കിറ്റ് സൗജന്യമായി നൽകുന്നതായതുകൊണ്ട് വിതരണം സേവനമായി കാണണെന്നാണാണ് സർക്കാർ നിലപാട്. കൊവിഡ് കാലത്ത് നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണക്കൂലി സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.

.............................

സംസ്ഥാനത്ത് ആകെ റേഷൻ കടകൾ: 14250

ആഗസ്റ്റ് മാസത്തെ കമ്മിഷൻ കുടിശ്ശിക: 35 കോടി

ഉത്സവബത്ത - ഒരു വ്യാപാരിക്ക് 1000 രൂപ വീതം: 1.42 കോടി

............................

മറ്റ് ജനവിഭാഗങ്ങൾക്ക് ഓണത്തിന് ആനുകൂല്യങ്ങൾ ലഭിക്കുകയും റേഷൻ വ്യാപാരികൾക്ക് അതില്ലാതിരിക്കുകയും ചെയ്തതിൽ വളരെ പ്രയാസമുണ്ട്. കഴിഞ്ഞ മാസത്തെ വേതനവും ഉത്സവബത്തയും ഉടൻ നൽകാൻ നടപടി സ്വീകരിക്കണം

എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ