
ആലപ്പുഴ: യാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ വെള്ളം കയറി അപകടവസ്ഥയിലായി. ഇന്നലെ രാവിലെ 7.50ന് പുന്നമടയിലായിരുന്നു സംഭവം. ആലപ്പുഴ ഫയർ ആൻഡ് റെസ്‌ക്യു ടീമിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം ഒഴിവായി. 23 തമിഴ്‌നാട് സ്വദേശികളുമായി യാത്ര പുറപ്പെട്ട ഹൗസ് ബോട്ട് വെള്ളം കയറി അപകടവസ്ഥയിലായപ്പോൾ ബോട്ടിലെ ജീവനക്കാർ അഗ്‌നി രക്ഷാ സേനയുടെ സേവനം തേടുകയായിരുന്നു .വെളളം കയറി ഒരു വശത്തേക്ക് മറിയാറായ ബോട്ട് സ്റ്റാർട്ടിംഗ് പോയിന്റിനടുത്തുള്ള ഡോക്ക് ചിറയ്ക്ക് സമീപം അടുപ്പിച്ച് ടൂറിസ്റ്റുകളെ പുറത്തിറക്കിയ ശേഷം രണ്ട് പോർട്ടബിൾ പമ്പും ഒരു ഫ്‌ളോട്ട് പമ്പും ഉപയോഗിച്ച് വെള്ളം അതിവേഗത്തിൽ വറ്റിച്ചാണ് അപകടവസ്ഥ ഒഴിവാക്കിയത് .അസി.സ്റ്റേഷൻ ഓഫിസർ ബദറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ മഹേഷ്, പി.പ്രശാന്ത്, എ.ജെ.ബെഞ്ചമിൻ,ടി.ടി.സന്തോഷ്, കെ.എസ്.ആന്റണി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.