ആലപ്പുഴ: രമേശ് ചെന്നിത്തല എം.എൽ.എ അഞ്ചുവർഷം മുമ്പ് സ്ഥാപിച്ച ഹരിപ്പാട് സബർമതി സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി രാഹുൽഗാന്ധി ആശയ വിനിമയം നടത്തി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിലായിരുന്നു കൂടിക്കാഴ്ച. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് സബർമതിക്ക് തുടക്കം കുറിച്ചതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും സ്‌പെഷ്യൽ സ്‌കൂൾ മേഖല പ്രതിസന്ധി നേരിടുകയാണെന്നും ചെന്നിത്തല സൂചിപ്പിച്ചു. രക്ഷിതാക്കളുടെ കാലശേഷം ഇവരുടെ സംരക്ഷണത്തെ കിറിച്ചുള്ള ആശങ്ക പങ്കുവെച്ച സബർമതി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും യൂത്ത്കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ എസ്.ദീപു സ്‌പെഷ്യൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകി സംരക്ഷിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്ന് രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സബർമതി പോലുള്ള സ്ഥാപനങ്ങൾ രാജ്യത്തിന് നല്ല മാതൃകയാണെന്നും മേഖലയെ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 45 മിനിറ്റ് കുട്ടികളുമായി സംവദിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞത് ജീവിതത്തിലെ നവ്യാനുഭവമായി കരുതുന്നതായും രാഹുൽ പറഞ്ഞു. സബർമതിയിലെ വിദ്യാർത്ഥികളായ ഹർഷിദ് കൃഷ്ണ കീ ബോർഡിൽ വന്ദേ മാതരവും അഞ്ജനേന്ദു 'മിന്നാമിനുങ്ങേ' എന്ന ഗാനവും അവതരിപ്പിച്ചു. രാഹുൽ കൈത്താളം പിടിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ചു. സബർമതിക്കു വേണ്ടി രമേശ് ചെന്നിത്തല ഏലയ്ക്ക മാല അണിയിച്ച് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ്, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ, സബർമതി സ്‌കൂൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എസ്. ദീപു, പ്രിൻസിപ്പൽ എസ്. ശ്രീലക്ഷ്മി, സബർമതി ഭരണ സമിതി അംഗങ്ങളായ ഷംസുദീൻ കായിപ്പുറം, സി.രാജലക്ഷ്മി, കെ.എസ്.ഹരികൃഷ്ണൻ, സി.പ്രസന്നകുമാരി, അബാദ് ലുദ്ഫി എന്നിവർ പങ്കെടുത്തു.