s

ആലപ്പുഴ: ഭാരത് ജോഡോ യാത്ര കായംകുളം മുക്കടയിൽ എത്തിയപ്പോൾ ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഷാദ് പുതുക്കാടന്റെ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന യുവജന സംഘം ഗൗണും കോട്ടും ധരിച്ച് 'വീ നീഡ് ജോബ്' എന്നെഴുതിയ പ്ളക്കാർഡുമായെത്തി. പ്രധാനമന്ത്രിയുടെ ജന്മദിനം തൊഴിൽരഹിത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവർത്തകർ കറുത്ത വേഷം ധരിച്ചെത്തിയത്.

മുക്കടയിൽ നിന്ന് കെ.പി.എ.സി ജംഗ്ഷൻ വരെ ഇവർ രാഹുലിനെ അനുഗമിച്ചു. പിന്നീട് കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിൽ 50 യുവജനങ്ങളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതികളാണ് കോൺഗ്രസ് ലക്ഷമിടുന്നതെന്നും അത് പ്രാവർത്തികമാക്കാനുള്ള ശ്രമം തുടരുമെന്നും മറുപടി പ്രസംഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ എന്നിവർ രാഹുലിനോടൊപ്പം ഉണ്ടായിരുന്നു.